ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇനി സ്വന്തം വെബ്‌സൈറ്റും; പുതിയ .gram ഡൊമെയ്‌നായി അപേക്ഷ നൽകി കമ്പനി

 

പ്രമുഖ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് സ്വന്തമായി വെബ് വിലാസങ്ങളും ഇന്ററാക്ടീവ് വെബ്‌സൈറ്റുകളും നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ '.gram' ടോപ്പ്-ലെവൽ ഡൊമെയ്‌നായി അപേക്ഷ സമർപ്പിച്ചതായി ടെലിഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പാവൽ ദുറോവ് വ്യക്തമാക്കി.

ഐക്കൺ (ICANN) സംഘടനയുടെ അംഗീകാരം ലഭിച്ചാൽ, കോടിക്കണക്കിന് ഉപയോക്താക്കൾക്ക് 'yourname.gram' എന്ന രീതിയിൽ സ്വന്തം പേരിൽ വെബ് വിലാസങ്ങൾ സ്വന്തമാക്കാം. ടെലിഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ഡൊമെയ്ൻ വഴി ടെലിഗ്രാം ഹോസ്റ്റ് ചെയ്യുന്ന ഇന്ററാക്ടീവ് വെബ്‌സൈറ്റുകൾ ഒറ്റ പ്രോംപ്റ്റിലൂടെ നിർമ്മിക്കാൻ കഴിയും. സങ്കീർണ്ണമായ ഹോസ്റ്റിംഗോ സാങ്കേതിക വിദ്യയോ ആവശ്യമില്ലാതെ തന്നെ സാധാരണക്കാർക്കും വെബ്‌സൈറ്റ് നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.

നിലവിൽ ഡൊമെയ്‌നായി അപേക്ഷിച്ചിരിക്കുകയാണെന്നും അനുമതി ലഭിച്ച ശേഷമേ ഫീച്ചർ പൊതുജനങ്ങൾക്ക് ലഭ്യമാകൂ എന്നും പാവൽ ദുറോവ് അറിയിച്ചു. ഡൊമെയ്ൻ നിരക്കുകൾ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും.