വിലക്ക് നീക്കി; ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ വീണ്ടും വരുന്നു

 

അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന നിരോധനം നീങ്ങിയതോടെ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ വീണ്ടും ആകാശത്തേക്ക് തിരിച്ചെത്തുന്നു. കരഭൂമിക്ക് മുകളിലൂടെ സൂപ്പർസോണിക് വേഗതയിൽ വിമാനങ്ങൾ പറക്കുന്നതിന് 1973-ൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പിട്ടു. കഴിഞ്ഞ ജൂണിൽ നാസയുടെ എക്സ്-59 (X-59) പരീക്ഷണ വിമാനം നടത്തിയ വിജയകരമായ പറക്കലുകളാണ് ഈ ചരിത്രപരമായ തീരുമാനത്തിന് വഴിയൊരുക്കിയത്.

ശബ്ദത്തേക്കാൾ വേഗതയിൽ വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന, കെട്ടിടങ്ങൾക്ക് വരെ കേടുപാടുണ്ടാക്കാൻ ശേഷിയുള്ള 'സോണിക് ബൂം' (Sonic boom) എന്ന സ്ഫോടനാത്മക പ്രകമ്പനമായിരുന്നു സൂപ്പർസോണിക് വിമാനങ്ങൾക്ക് മുൻപ് തിരിച്ചടിയായത്. എന്നാൽ മുന്നിൽ സൂചിപോലെ നീളമുള്ള പുതിയ എക്സ്-59 വിമാനത്തിന്റെ സാങ്കേതികവിദ്യ സോണിക് ബൂം വലിയ തോതിലുണ്ടാകുന്നത് തടയുകയും പ്രകമ്പനം കുറയ്ക്കുകയും ചെയ്യും. വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ ഇനി കരയ്ക്ക് മുകളിലൂടെയും സൂപ്പർസോണിക് വേഗതയിൽ പറക്കാം. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിലെ ശബ്ദ നിയന്ത്രണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ നിയമങ്ങൾ 2027 പകുതിയോടെ നിലവിൽ വരും.

സാങ്കേതിക പ്രതിസന്ധികളും ഉയർന്ന ഇന്ധനച്ചെലവും കാരണം 2003 ഒക്ടോബർ 24-നാണ് ലോകപ്രശസ്തമായ 'കോൺകോർഡ്' വിമാനങ്ങൾ കൊമേഴ്‌സ്യൽ സർവീസുകൾ പൂർണ്ണമായി അവസാനിപ്പിച്ചത്. 2000-ൽ പാരീസിലുണ്ടായ കോൺകോർഡ് വിമാനാപകടവും 2001-ലെ ഭീകരാക്രമണവും ഇതിന് ആക്കം കൂട്ടി. മുൻപ് സാധാരണ വിമാനങ്ങൾ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടക്കാൻ 7 മുതൽ 8 മണിക്കൂർ വരെ എടുത്തിരുന്ന സ്ഥാനത്ത് കോൺകോർഡിന് 3.5 മണിക്കൂർ മാത്രമാണ് വേണ്ടിയിരുന്നത്. നിലവിൽ നാസയ്ക്ക് പുറമെ ബൂം സൂപ്പർസോണിക്, സ്‌പൈക് എയ്റോസ്പേസ് തുടങ്ങിയ സ്വകാര്യ കമ്പനികളും ഈ രംഗത്ത് സജീവമാണ്. ഇതിൽ ബൂം സൂപ്പർസോണിക് വികസിപ്പിച്ച എക്സ് ബി-1 (XB-1) വിമാനം അടുത്തിടെ ശബ്ദവേഗത മറികടന്ന് വിജയം കുറിച്ചിരുന്നു. യാത്രാസമയം പകുതിയായി കുറയ്ക്കുന്ന ഈ പുതിയ യുഗം വ്യോമഗതാഗത രംഗത്ത് വലിയ വിപ്ലവത്തിനാണ് തുടക്കമിടുന്നത്.