വാട്‌സ്ആപ്പ് ഉപയോഗത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; വെബ് ബ്രൗസറിൽ ആറ് മണിക്കൂറിന് ശേഷം ഓട്ടോ ലോഗ് ഔട്ട്
വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ സന്ദേശമയയ്‌ക്കൽ (മെസേജിങ്) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ടെലികമ്യൂണിക്കേഷൻ ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
പുതിയ നിയമപ്രകാരം, ഈ ആപ്പുകളിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ഒരു ആക്ടീവ് സിം കാർഡ് നിർബന്ധമായി ഉണ്ടായിരിക്കണം. അതായത്, സിം കാർഡുള്ള ഉപകരണത്തിൽ മാത്രമേ ഇനി മുതൽ മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കൂ.
വെബ് ബ്രൗസറുകളിലൂടെയുള്ള ലോഗിൻ ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് ബ്രൗസറുകൾ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യണം. ഉപയോക്താക്കൾ സ്വയം ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ, നിശ്ചിത സമയപരിധിക്ക് ശേഷം ആപ്പിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടാവുന്ന സംവിധാനം നടപ്പാക്കണമെന്നും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നതിന് ലോഗിൻ ചെയ്യുന്ന സമയത്ത് മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. അതിനുശേഷം സിം കാർഡ് ഇല്ലാതെയും ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്നാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പലരും സിം കാർഡ് എടുത്ത് അക്കൗണ്ട് തുടങ്ങി, പിന്നീട് അത് ഉപേക്ഷിക്കുന്ന രീതി കണ്ടുവരുന്നതായും, ഇത് സുരക്ഷാഭീഷണികൾക്ക് കാരണമാകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിലും യു.പി.ഐ. ആപ്പുകളിലും ബാങ്കിങ് ആപ്പുകളിലും സമാനമായ സുരക്ഷാ സംവിധാനം നിലവിലുണ്ട്. കൂടാതെ, സെബി അക്കൗണ്ടുകൾ സിം കാർഡുമായി ബന്ധിപ്പിക്കണമെന്നും, അധിക സുരക്ഷയ്ക്കായി ഫേഷ്യൽ റെക്കഗ്‌നൈസേഷൻ സിസ്റ്റം ഉപയോഗിക്കണമെന്നും നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.