പാൽ പാക്കറ്റുകളുടെ എണ്ണം തെറ്റി; എ.ഐ സാങ്കേതികവിദ്യ ഒഴിവാക്കി സ്റ്റാർബക്സ്

 

കൃത്രിമബുദ്ധി (AI) കാരണം മനുഷ്യർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കകൾക്കിടയിൽ, എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം തന്നെ അവസാനിപ്പിച്ച് ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സ്. വടക്കേ അമേരിക്കയിലെ തങ്ങളുടെ സ്റ്റോറുകളിൽ നടപ്പിലാക്കിയ എ.ഐ അധിഷ്ഠിത ഇൻവെന്ററി സംവിധാനമാണ് പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി നിർത്തലാക്കിയത്. സാങ്കേതികവിദ്യ നടപ്പിലാക്കി ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് സ്റ്റാർബക്സിന്റെ ഈ പിന്മാറ്റമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കോഫി ശൃംഖല നേരിട്ടിരുന്ന ഉൽപ്പന്ന ക്ഷാമവും വിതരണത്തിലെ പാളിച്ചകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സി.ഇ.ഒ ബ്രയാൻ നിക്കോളിന്റെ നിർദേശപ്രകാരമാണ് എ.ഐ സംവിധാനം കൊണ്ടുവന്നത്. ജീവനക്കാർക്ക് ടാബ്‌ലറ്റ് ഉപയോഗിച്ച് സ്റ്റോറിലെ സ്റ്റോക്കുകൾ സ്കാൻ ചെയ്യാനും, പാൽ പാക്കറ്റുകൾ (Milk Cartons) ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും സഹായിക്കുന്നതായിരുന്നു ഈ സിസ്റ്റം.

എന്നാൽ, പ്രായോഗിക തലത്തിൽ എ.ഐ സാങ്കേതികവിദ്യ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. ഉൽപ്പന്നങ്ങളുടെ എണ്ണം തെറ്റായി രേഖപ്പെടുത്താനും, ലേബലുകൾ തെറ്റായി മനസ്സിലാക്കാനും തുടങ്ങിയതോടെ സ്റ്റോറുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഇത് വൻതോതിൽ ഉൽപ്പന്നങ്ങൾ നശിച്ചുപോകുന്നതിനും കാരണമായി. ഇതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന എ.ഐ സംവിധാനം പൂർണ്ണമായി തിരിച്ചുവിളിക്കാൻ സ്റ്റാർബക്സ് തീരുമാനിച്ചത്. സാങ്കേതികവിദ്യ ഉപേക്ഷിച്ച്, ജീവനക്കാർ നേരിട്ട് സ്റ്റോക്ക് പരിശോധിക്കുന്ന പഴയ പരമ്പരാഗത രീതിയിലേക്ക് തന്നെ കമ്പനി മടങ്ങുകയും ചെയ്തു.