ബഹിരാകാശ മാലിന്യങ്ങളെ സൂര്യൻ ഭൂമിയിലേക്ക് തിരികെ വീഴ്ത്തും; നിർണ്ണായക കണ്ടെത്തലുമായി ഐഎസ്ആർഒ
ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ബഹിരാകാശ അവശിഷ്ടങ്ങളെ സൂര്യൻ കൂടുതൽ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു എന്ന നിർണ്ണായക കണ്ടെത്തലുമായി ഐഎസ്ആർഒ. സൂര്യന്റെ പ്രവർത്തനങ്ങൾ തീവ്രമാകുമ്പോൾ ബഹിരാകാശ മാലിന്യങ്ങൾ വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴുന്നു എന്നാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷിതമായ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണ്ടെത്തൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.
സൂര്യന്റെ 11 വർഷത്തെ ചക്രത്തിൽ സൂര്യൻ ഏറ്റവും സജീവമായിരിക്കുന്ന ഘട്ടത്തിൽ പുറപ്പെടുവിക്കുന്ന തീവ്രമായ വികിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ ഉയർന്ന പാളിയായ തെർമോസ്ഫിയറിനെ ചൂടാക്കുന്നു. ഇതുമൂലം 160 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിൽ കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങളുടെ വേഗത കുറയുകയും അവ താഴ്ന്ന ഭ്രമണപഥത്തിലേക്ക് വലിച്ചിടപ്പെടുകയും ചെയ്യുന്നു. ഒടുവിൽ ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് നശിക്കുകയോ തിരികെ വീഴുകയോ ചെയ്യുന്നു.
വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രജ്ഞയായ ആയിഷ എം. അഷ്‌റൂഫിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ 34 വർഷത്തെ വിവരങ്ങളാണ് വിശകലനം ചെയ്തത്. 1986 മുതൽ 2024 വരെയുള്ള മൂന്ന് സൗരചക്രങ്ങൾ നിരീക്ഷിച്ചതിൽ നിന്ന്, സൂര്യൻ സജീവമാകുമ്പോൾ ഭ്രമണപഥത്തിലെ അവശിഷ്ടങ്ങൾ വേഗത്തിൽ താഴുന്നതായി സ്ഥിരീകരിച്ചു. ഓരോ 90 മുതൽ 120 മിനിറ്റിലും ഭൂമിയെ വലംവയ്ക്കുന്ന 17 ഓളം ബഹിരാകാശ മാലിന്യങ്ങൾ ഇത്തരത്തിൽ സൗരപ്രവർത്തനങ്ങൾ കൂടുമ്പോൾ കിലോമീറ്ററുകളോളം ഉയരം കുറയുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭാവിയിലെ ബഹിരാകാശ പ്രവർത്തനങ്ങൾ കൂടുതൽ സുസ്ഥിരമായി ആസൂത്രണം ചെയ്യാൻ ഈ പഠനം സഹായിക്കും.