ഐഫോണിൽ ഇനി തേർഡ് പാർട്ടി ആപ് സ്റ്റോറുകളും! വൈകാതെ ഇന്ത്യയിലും?

 

വർഷങ്ങളായി കൊട്ടിയടച്ചു വെച്ചിരുന്ന ആപ്പിളിന്റെ 'കോട്ടവാതിൽ' ഒടുവിൽ ബ്രസീലിലും തുറക്കുന്നു. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ആപ് സ്റ്റോറിന് പുറത്തുനിന്നുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം (Sideloading). ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയായ CADE-യുമായി ഒപ്പുവെച്ച പുതിയ കരാറിലൂടെയാണ് ആപ്പിൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 2026 ഓടെ ഈ മാറ്റങ്ങൾ ബ്രസീലിലെ ഐഫോണുകളിൽ നടപ്പിലാകും.
യൂറോപ്യൻ യൂണിയന് പിന്നാലെയാണ് ഇപ്പോൾ ബ്രസീലിലും ആപ്പിളിന് തങ്ങളുടെ കർക്കശമായ നിയമങ്ങളിൽ അയവു വരുത്തേണ്ടി വന്നിരിക്കുന്നത്.

എന്താണ് പുതിയ മാറ്റങ്ങൾ?

ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയുമായുള്ള 'ടേം ഓഫ് കമ്മിറ്റ്മെന്റ് ടു ടെർമിനേഷൻ' (TCC) കരാർ പ്രകാരം ആപ്പിൾ അംഗീകരിച്ച പ്രധാന മാറ്റങ്ങൾ ഇവയാണ്:

തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ: ഉപയോക്താക്കൾക്ക് ഇനി ആപ്പിളിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോർ കൂടാതെ മറ്റ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം.
പുറത്തുനിന്നുള്ള പേയ്‌മെന്റ്: ആപ്പിളിന്റെ പേയ്‌മെന്റ് സംവിധാനത്തിന് പുറമെ, ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം പേയ്‌മെന്റ് ലിങ്കുകളോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാൻ അനുമതി ലഭിക്കും. ഇത് വഴി ആപ്പിളിന് നൽകേണ്ടി വരുന്ന വൻ കമ്മീഷൻ കുറയ്ക്കാൻ ഡെവലപ്പർമാർക്ക് സാധിച്ചേക്കും.‌

ന്യൂട്രൽ മുന്നറിയിപ്പുകൾ: പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മുന്നറിയിപ്പുകൾ (Scare screens) പാടില്ല. പകരം, കൃത്യവും നിഷ്പക്ഷവുമായ (Neutral tone) വിവരങ്ങൾ മാത്രമേ മുന്നറിയിപ്പായി നൽകാവൂ എന്നും കരാറിൽ പറയുന്നു.