വാട്‌സ്ആപ്പിൽ ഇനി വിവർത്തനവും എളുപ്പം; ചാറ്റുകൾ ഓട്ടോമാറ്റിക്കായി ട്രാൻസ്‌ലേറ്റ് ചെയ്യാൻ പുത്തൻ ഫീച്ചർ
ഉപയോക്താക്കൾക്കായി ചാറ്റ് ഫീച്ചറിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്. സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യാൻ സഹായിക്കുന്ന പുതിയ 'ചാറ്റ് ട്രാൻസ്‌ലേഷൻ' ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഷാപരമായ തടസ്സങ്ങളില്ലാതെ ആശയവിനിമയം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം 21 ഭാഷകളിൽ മെഷീൻ ട്രാൻസ്‌ലേഷൻ സൗകര്യം വാട്‌സ്ആപ്പ് ഒരുക്കുന്നത്. ഐഒഎസിലെ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിൽ ഈ ഫീച്ചർ കണ്ടെത്തിക്കഴിഞ്ഞു.
വാബീറ്റഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ചാറ്റ് വിൻഡോയിലെ പുതിയ ടോഗിൾ ബട്ടൺ ആക്ടിവേറ്റ് ചെയ്താൽ വരുന്ന എല്ലാ സന്ദേശങ്ങളും ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഭാഷയിലേക്ക് തനിയെ വിവർത്തനം ചെയ്യപ്പെടും. ഇതിനുപുറമെ, ഓരോ സന്ദേശവും പ്രത്യേകം തിരഞ്ഞെടുത്ത് വിവർത്തനം ചെയ്യാനുള്ള മാനുവൽ ഓപ്ഷനും ലഭ്യമാകും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി ആവശ്യമുള്ള ഭാഷാ പാക്കുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്താൽ മതിയാകും.
സാധാരണ വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പോലെ തന്നെ വിവർത്തനം ചെയ്യപ്പെടുന്ന ചാറ്റുകളും എന്റ്-ടു-എന്റ് എൻക്രിപ്റ്റഡ് ആയിരിക്കും. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഭാഷകളിൽ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ വരും മാസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തിയേക്കും. ഗൂഗിൾ ട്രാൻസ്‌ലേറ്റ് പോലുള്ള പുറം ആപ്പുകളെ ആശ്രയിക്കാതെ തന്നെ വാട്‌സ്ആപ്പിനുള്ളിൽ തന്നെ ഭാഷാ മാറ്റം സാധ്യമാകുന്നത് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.
English Slug: WhatsApp testing automatic chat translation feature; Supports 21 languages offline.