ചന്ദ്രനെ കാണാൻ യാത്രികർ ഒരുങ്ങി; നാസയുടെ ആർട്ടെമിസ് 2 വിക്ഷേപണം നാളെ
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ 'ആർട്ടെമിസ് 2' (Artemis II) ദൗത്യം വിക്ഷേപണത്തിന് സജ്ജമായി. 1972-ലെ അവസാന അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാസയുടെ ഏറ്റവും കരുത്തുറ്റ എസ്.എൽ.എസ് (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം നടക്കുക. ഏപ്രിൽ ഒന്നിന് ഇന്ത്യൻ സമയം പുലർച്ചെ 3:24-ന് വിക്ഷേപണം ആരംഭിക്കും. കാലാവസ്ഥയോ സാങ്കേതിക പ്രശ്നങ്ങളോ തടസ്സമായാൽ ഏപ്രിൽ ആറ് വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിൽ വിക്ഷേപണം നടക്കും.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ സംഘത്തിലുള്ളത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ (മിഷൻ സ്പെഷ്യലിസ്റ്റുകൾ) എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയെന്ന റെക്കോർഡ് ക്രിസ്റ്റീന കോച്ചിനും ചന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ അമേരിക്കക്കാരനല്ലാത്ത വ്യക്തി എന്ന നേട്ടം ജെറമി ഹാൻസനും ഇതോടെ സ്വന്തമാകും. ഒരു 'ഫ്ളൈബൈ' ദൗത്യമായതിനാൽ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് തിരികെ വരും.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അത്യാധുനിക സാങ്കേതിക വിദ്യകളാണ് പരീക്ഷിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട മാന്വൽ പൈലറ്റിങ് സംവിധാനം, പുതിയ ലേസർ കമ്മ്യൂണിക്കേഷൻ എന്നിവ ആദ്യ 24 മണിക്കൂറിൽ പരീക്ഷിക്കും. ബഹിരാകാശ വികിരണങ്ങൾ മനുഷ്യശരീരത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കും തിരിച്ചുമായി ഏകദേശം 11 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷം ഏപ്രിൽ പത്തോടെ പേടകം പസഫിക് സമുദ്രത്തിൽ വന്നിറങ്ങും.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണും തയ്യാറെടുപ്പുകളും നാസ പ്ലസ് (NASA+), നാസ ടിവി എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയും നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാൻ സാധിക്കും. വിക്ഷേപണത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ സംപ്രേഷണം ആരംഭിക്കുന്നതാണ്.