കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് സുരക്ഷിത തണലൊരുക്കാൻ യു.എ.ഇ; ഗൂഗിളിന്റെ 24 ലക്ഷം ഡോളറിന്റെ പദ്ധതി
ഡിജിറ്റൽ ലോകത്ത് കുട്ടികളെ ഓൺലൈൻ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ ഊർജ്ജിതമാക്കി യു.എ.ഇ. സർക്കാർ സംവിധാനങ്ങൾ, സാങ്കേതിക വിദ്യ കമ്പനികൾ, കുടുംബങ്ങൾ, സുരക്ഷാ അതോറിറ്റികൾ എന്നിവ സംയുക്തമായാണ് ഈ സുരക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും (MENA) ഒമ്പത് രാജ്യങ്ങളിലെ 23 ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ പാഠങ്ങൾ പകരാൻ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗത്തിന് 24 ലക്ഷം ഡോളറിന്റെ ഗ്രാൻഡ് പ്രഖ്യാപിച്ചു.
ഗൂഗിളിന്റെ പ്രത്യേക ഇന്റർനെറ്റ് പ്രോഗ്രാമിന്റെ അറബിക് പതിപ്പിലൂടെയാണ് യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ സുരക്ഷാ പദ്ധതി എത്തിക്കുന്നത്. വിവരങ്ങളുടെ വിശ്വാസ്യത തിരിച്ചറിയാനും വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൽ അവബോധം അത്യന്താപേക്ഷിതമാണെന്ന് നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹാമിദ് വ്യക്തമാക്കി. കുട്ടികൾക്കായി ഗൂഗിൾ ഫാമിലി ലിങ്ക്, യൂട്യൂബ് ഫാമിലി സെന്റർ, യൂട്യൂബ് ഷോട്സ് കാണുന്നതിന് പ്രതിദിന സമയപരിധി നിശ്ചയിക്കൽ തുടങ്ങി നിരവധി സേവനങ്ങളും ലഭ്യമാണ്. കൂടാതെ കുട്ടികളുടെ സുരക്ഷയ്ക്കായി അബുദാബി പോലീസ് നാല് പ്രധാന സുരക്ഷാ മുൻകരുതലുകളും മുന്നോട്ടുവെച്ചിട്ടുണ്ട്.