ശുക്രനും വ്യാഴവും നേർരേഖയിൽ; ആകാശത്ത് 'കോസ്മിക് കിസ്സ്' വിസ്മയം ജൂൺ 8, 9 തീയതികളിൽ കാണാം
ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഈ മാസം ഒരു അപൂർവ്വ ദൃശ്യവിരുന്ന് ഒരുങ്ങുന്നു. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന പ്രതിഭാസം ജൂൺ 8, 9 തീയതികളിൽ ആകാശത്ത് ദൃശ്യമാകും. ശാസ്ത്രലോകം 'കോസ്മിക് കിസ്സ്' (Cosmic Kiss) അല്ലെങ്കിൽ 'പ്ലാനറ്ററി കൺജങ്ഷൻ' എന്ന് വിളിക്കുന്ന ഈ അപൂർവ്വ ഒത്തുചേരൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കും.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ രണ്ട് ഗ്രഹങ്ങളും വെറും 1.6 ഡിഗ്രി മാത്രം അകലത്തിലാകും പ്രത്യക്ഷപ്പെടുക. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാർക്ക് ഈ കാഴ്ച ആസ്വദിക്കാം. ജൂൺ 8, 9 തീയതികളിൽ സൂര്യനസ്തമിച്ചതിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് നോക്കിയാൽ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അൽപം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങിനിൽക്കുന്നത് കാണാം. നഗരങ്ങളിലെ കനത്ത വെളിച്ചത്തിൽ നിന്നും മാറി, പടിഞ്ഞാറൻ ആകാശം തടസ്സമില്ലാതെ കാണാൻ കഴിയുന്ന ഇടങ്ങളിൽ നിന്നാൽ ഈ ദൃശ്യം കൂടുതൽ വ്യക്തമായി ആസ്വദിക്കാം.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ രണ്ട് ഗ്രഹങ്ങൾ നേർരേഖയിൽ വളരെ അടുത്തടുത്ത് വരുന്നതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ബഹിരാകാശത്ത് ഇവർ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ ദൂരമുണ്ട്. സൂര്യന് ചുറ്റുമുള്ള ഇവരുടെ ഭ്രമണപഥത്തിന്റെ പ്രത്യേകത കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവർ പരസ്പരം ചേർന്നുനിൽക്കുന്നത് പോലെ തോന്നിക്കുന്നത്. ഈ ഒത്തുചേരൽ ജൂൺ ഒൻപതോടെ അവസാനിക്കില്ല. ജൂൺ 11 മുതൽ 15 വരെയുള്ള തീയതികളിൽ ബുധൻ ഗ്രഹം കൂടി ഇവർക്കൊപ്പം ചേരും. ഇതോടെ പടിഞ്ഞാറൻ ആകാശത്ത് മൂന്ന് ഗ്രഹങ്ങൾ നിരയായി നിൽക്കുന്ന അപൂർവ്വ 'മിനി പരേഡ്' ദൃശ്യമാകും. എന്നാൽ, ബുധൻ ഗ്രഹം പടിഞ്ഞാറൻ ചക്രവാളത്തോട് വളരെ താഴ്ന്ന് നിൽക്കുന്നതിനാൽ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കൂ.