'ഞങ്ങൾക്ക് തെറ്റ് പറ്റി'; കൂട്ടപ്പിരിച്ചുവിടലിൽ ഖേദം പ്രകടിപ്പിച്ച് മാർക്ക് സക്കർബർഗ്

 

കമ്പനിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലേക്ക് പൂർണ്ണമായി മാറ്റുന്നതിന്റെ ഭാഗമായി 8,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ തെറ്റ് പറ്റിയതായി മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്. എ.ഐ അധിഷ്ഠിത പുനഃസംഘടനയിൽ കമ്പനിക്ക് ചില പിഴവുകൾ സംഭവിച്ചതായി ജീവനക്കാർക്കയച്ച ആഭ്യന്തര മെമോയിൽ സക്കർബർഗ് തുറന്നുപറഞ്ഞു. അതിവേഗം മാറുന്ന എ.ഐ യുഗവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ ഇത്തരം തെറ്റുകൾ സ്വാഭാവികമാണെന്നും ഭാവിയിലും തെറ്റുകൾ സംഭവിച്ചേക്കാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. റോയിട്ടേഴ്സ് പുറത്തുവിട്ട ഈ കത്ത് ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ, തങ്ങളുടെ ആഗോള ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന ആളുകളെയാണ് മേയ് മാസത്തിൽ പിരിച്ചുവിട്ടത്. ഇതിന് പുറമെ 7,000ത്തോളം ജീവനക്കാരെ എ.ഐ വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 'മാനേജർമാരെ നിയന്ത്രിക്കാൻ മാത്രം മാനേജർമാർ ആവശ്യമില്ല' എന്ന സക്കർബർഗിന്റെ കോർപ്പറേറ്റ് നിലപാടാണ് മിഡിൽ മാനേജർമാർ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ കാരണമായത്.

വലിയ തോതിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലായ ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങളും സക്കർബർഗ് നടത്തിയിട്ടുണ്ട്. ഈ വർഷം ഇനി കമ്പനിയിൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയ അദ്ദേഹം, മാറ്റങ്ങൾ കാരണം ആത്മവിശ്വാസം കുറഞ്ഞ ജീവനക്കാർക്കായി കോർപ്പറേറ്റ് ഇവന്റുകളുടെ ബഡ്ജറ്റ് വർദ്ധിപ്പിക്കുമെന്നും അറിയിച്ചു. കൂടാതെ പുതിയ എ.ഐ മോഡലുകളുടെ വികസനം വേഗത്തിലാക്കാൻ ജൂലൈ മാസത്തിൽ 'ഹാക്കത്തോൺ' സംഘടിപ്പിക്കുമെന്നും, അനാവശ്യ ഭീതിയൊഴിവാക്കി മെറ്റയെ എ.ഐ യുഗത്തിലേക്ക് നയിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സക്കർബർഗ് അഭ്യർത്ഥിച്ചു.