പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ തുറന്നു; ലോകത്തെ ആറാമത്തെ വലിയ ഹബുമായി അഡ്‌നോക്

 

പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും വലിയ സൂപ്പർഫാസ്റ്റ് ഇലക്ട്രിക് വാഹന (EV) ചാർജിങ് സ്റ്റേഷൻ തുറന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ. അബുദാബി - ദുബായ് ഇ 11 ഹൈവേയിൽ സൈഹ് ശുഐബിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ചാർജിങ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചത്. 60 സൂപ്പർ ഫാസ്റ്റ് ചാർജറുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ലോകത്തെ ആറാമത്തെ വലിയ സൂപ്പർഫാസ്റ്റ് ഇ.വി ചാർജിങ് ഹബാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

തിരക്കേറിയ അന്തർ എമിറേറ്റ് പാതയിൽ ചാർജിങ്ങിനായി വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം ചാർജറുകൾ ഒരിടത്ത് തന്നെ ഒരുക്കിയിരിക്കുന്നത്. സാധാരണ സ്റ്റേഷനുകളിൽ അഞ്ചോ ആറോ ചാർജറുകൾ മാത്രം ഉള്ളപ്പോൾ, സൈഹ് ശുഐബിലേത് ഒരു സമ്പൂർണ്ണ ചാർജിങ് ഹബ്ബായാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ ചീഫ് മാർക്കറ്റിങ് ഓഫീസർ ജാക്വിലിൻ എൽബോഗ്ദാദി പറഞ്ഞു. ഹൈവേകളിൽ ചാർജിങ് സ്റ്റേഷനുകൾ കുറവാണെന്ന യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഈ ഹബ്ബ് സഹായിക്കും.

കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷനിൽ നിലവിൽ പ്രതിദിനം നൂറിലധികം വാഹനങ്ങൾ ചാർജിങ്ങിനായി എത്തുന്നുണ്ട്. ഇതിന് പിന്നാലെ, ഇതേ സ്ഥലത്തിന് തൊട്ടടുത്ത് എതിർവശത്തായി മറ്റൊരു ചാർജിങ് സ്റ്റേഷൻ കൂടി ആരംഭിക്കാനും അഡ്‌നോക്കിന് പദ്ധതിയുണ്ട്. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് തടസ്സമില്ലാതെ ചാർജിങ് സൗകര്യം ലഭ്യമാകും. യു.എ.ഇയുടെ പ്രധാന ഹൈവേകളെല്ലാം വൈദ്യുതീകരിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.