ഐഫോണിൽ ഇനി 'വാട്‌സ്ആപ് പ്ലസ്'; പുത്തൻ ഫീച്ചറുകളുമായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ വരുന്നു

 

ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനമായ 'വാട്‌സ്ആപ് പ്ലസ്' അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങിയ ഈ സേവനം, ആപ്പിന്റെ ലുക്കും ഫീച്ചറുകളും ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റാൻ സഹായിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ഐ.ഒ.എസ് പതിപ്പ് 26.17.74 ഉപയോഗിക്കുന്ന മെസഞ്ചർ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. സാധാരണ മെസേജിങ്, കോളിങ് സേവനങ്ങൾ സൗജന്യമായി തുടരുമെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് ആറ് സവിശേഷമായ പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ഇതിൽ പ്രധാനമായും 18 വ്യത്യസ്ത നിറങ്ങളിൽ ആപ് തീം മാറ്റാനുള്ള സൗകര്യം, 14 പുതിയ ആപ് ഐക്കണുകൾ, പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവ ഉൾപ്പെടുന്നു.

കൂടാതെ, പ്രധാനപ്പെട്ട 20 ചാറ്റുകൾ വരെ ഒരേസമയം പിൻ ചെയ്തു വെക്കാനുള്ള സൗകര്യവും ഈ പാക്കേജിലുണ്ട്. ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ തുടങ്ങിയ 10 പുത്തൻ റിങ്ടോണുകളും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. യൂറോപ്പിൽ പ്രതിമാസം 2.49 യൂറോ (ഏകദേശം 274 രൂപ) ആണ് ഈ പ്ലാനിന് ഈടാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. പ്രീമിയം ഫീച്ചറുകൾ ആവശ്യമില്ലാത്തവർക്ക് നിലവിലെ സൗകര്യങ്ങൾ മാറ്റമില്ലാതെ സൗജന്യമായി തന്നെ ഉപയോഗിക്കാവുന്നതാണ്.