ഗൂഗിൾ മാപ്‌സിൽ ഇനി ഭക്ഷണം ഓർഡർ ചെയ്യാം, ഹോട്ടൽ ബുക്ക് ചെയ്യാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു
യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടലുകൾ ബുക്ക് ചെയ്യാനും സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ മാപ്‌സ്. കൃത്യമായ ഭക്ഷണരീതികളും റൂട്ടുകളും പരിശോധിച്ച് തുറന്നിരിക്കുന്ന അനുയോജ്യമായ റെസ്റ്റോറന്റുകൾ കണ്ടെത്താൻ ഇനി ആപ്പിന് സാധിക്കും. കൂടാതെ, താത്പര്യത്തിനനുസരിച്ച് ഫാമിലി ഫ്രണ്ട്‌ലി അല്ലെങ്കിൽ ബജറ്റ് ഹോട്ടലുകൾ തിരഞ്ഞുപിടിച്ച് റൂം ലഭ്യതയും നിരക്കുകളും മാപ്സ് ലഭ്യമാക്കും.
യാത്രചെയ്യുന്ന വഴിയിലുള്ള പ്രാദേശിക മേളകൾ, ഉത്സവങ്ങൾ, സംഗീത പരിപാടികൾ എന്നിവയുടെ വിവരങ്ങളും ടിക്കറ്റ് ബുക്കിങ് ലിങ്കുകളും ഇനി മാപ്‌സിലൂടെ അറിയാം. നിലവിൽ ഈ ഫീച്ചറുകൾ അമേരിക്കയിലാണ് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഉടൻ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കും.
ഇന്ത്യൻ ഉപയോക്താക്കൾക്കായി ഹിന്ദിയിൽ തെരച്ചിൽ നടത്താനുള്ള സംവിധാനവും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ജിമെയിലിൽ നിന്നുള്ള ബുക്കിങ് വിവരങ്ങൾ ഏകോപിപ്പിക്കുന്ന പേഴ്‌സണൽ ഇന്റലിജൻസ്, ബസ്-മെട്രോ തത്സമയ വിവരങ്ങൾ നൽകുന്ന റിയൽ-ടൈം ട്രാൻസിറ്റ് എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങൾ.