ഫോണില്ലെങ്കിലും ഐപാഡിൽ വാട്സാപ്പ് ഉപയോഗിക്കാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ചു
ഐഫോണിന്റെയോ ആൻഡ്രോയിഡ് ഫോണിന്റെയോ സഹായമില്ലാതെ ഇനി ഐപാഡിൽ നേരിട്ട് വാട്സാപ്പ് ലോഗിൻ ചെയ്യാം. ഇതിനായുള്ള പുതിയ അപ്ഡേറ്റ് വാട്സാപ്പ് അവതരിപ്പിച്ചു. നിലവിൽ കമ്പാനിയൻ മോഡിൽ ഒരു സെക്കൻഡറി ഡിവൈസായി മാത്രമാണ് ഐപാഡിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. പ്രധാന ഫോണിൽ ലോഗിൻ ചെയ്ത ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്ത് മാത്രം സാധ്യമായിരുന്ന ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുന്നത്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപഭോക്താക്കൾക്ക് മറ്റൊരു ഉപകരണത്തിന്റെ സഹായമില്ലാതെ സ്വന്തം ഫോൺ നമ്പറും ആറക്ക വെരിഫിക്കേഷൻ കോഡും (അല്ലെങ്കിൽ പാസ് കീ) ഉപയോഗിച്ച് ഐപാഡിൽ നേരിട്ട് അക്കൗണ്ട് തുടങ്ങാം.
സെക്കൻഡറി ഉപകരണമായി ഉപയോഗിക്കുമ്പോൾ ലൈവ് ലൊക്കേഷൻ അയക്കാനോ ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനോ സാധിക്കില്ലായിരുന്നു. കൂടാതെ 14 ദിവസത്തിലൊരിക്കലെങ്കിലും പ്രൈമറി ഫോണിൽ വാട്സാപ്പ് തുറന്നില്ലെങ്കിൽ ഐപാഡിൽ നിന്ന് അക്കൗണ്ട് തനിയെ ലോഗ് ഔട്ട് ആകുന്ന പരിമിതിയും ഉണ്ടായിരുന്നു. പുതിയ മാറ്റത്തോടെ ഈ പ്രശ്നങ്ങൾ ഒഴിവാകും.
വാട്സാപ്പിന്റെ ഐപാഡ് ഒഎസിനുവേണ്ടിയുള്ള 26.25.74 അപ്ഡേറ്റിലാണ് ഈ പുതിയ മാറ്റം ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. അതേസമയം നിലവിലുള്ള കമ്പാനിയൻ മോഡ് വാട്സാപ്പ് ഒഴിവാക്കില്ല. ഐപാഡ് സെക്കൻഡറി ഡിവൈസായി മാത്രം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഓപ്ഷനും ലഭ്യമായിരിക്കും. നിലവിൽ തിരഞ്ഞെടുത്ത ചില ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിച്ചിട്ടുള്ളത്, വരും ദിവസങ്ങളിൽ ഇത് എല്ലാവരിലേക്കും എത്തും.