നിങ്ങൾ കാണുകയല്ല, നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുകയാണ്; സ്വകാര്യതാ ലംഘന പരാതിയുമായി ഉപയോക്താക്കൾ

 

മെറ്റയ്ക്കും യൂട്യൂബിനും പിന്നാലെ ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്നു എന്ന ഗുരുതരമായ ആരോപണത്തിൽ കുടുങ്ങി സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കുകയും, 'ഡാർക്ക് പാറ്റേണുകൾ' ഉപയോഗിച്ച് കുട്ടികളെയും മുതിർന്നവരെയും മണിക്കൂറുകളോളം സ്ക്രീനിൽ തളച്ചിടുകയും ചെയ്യുന്നു എന്നാണ് നെറ്റ്ഫ്ലിക്സിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന പരാതി.

ഉപയോക്താക്കളുടെ സ്വഭാവരീതികൾ രഹസ്യമായി നിരീക്ഷിക്കുകയും ആ വിവരങ്ങൾ ലാഭമുണ്ടാക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. നിങ്ങൾ എപ്പോൾ സിനിമ കാണുന്നു, എപ്പോൾ പോസ് ചെയ്യുന്നു, ഏത് ഭാഗമാണ് വീണ്ടും കാണുന്നത് തുടങ്ങിയ ഓരോ ചലനവും നെറ്റ്ഫ്ലിക്സ് ട്രാക്ക് ചെയ്യുന്നുണ്ട്. ഓരോ ഉപയോക്താവിനും താൽപ്പര്യമുള്ള ഉള്ളടക്കം മാത്രം ഹോം സ്‌ക്രീനിൽ നൽകി അവരെ ആപ്പിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്. ഇത് കുട്ടികളുടെയും കുടുംബങ്ങളുടെയും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും പരാതിക്കാർ ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നെറ്റ്ഫ്ലിക്സ് പ്രതികരിച്ചു. വികലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും തങ്ങൾ നിലവിലുള്ള എല്ലാ സ്വകാര്യതാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ യുഎസ് കോടതിയിൽ ഈ കേസ് പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.