ശബ്ദത്തെ കളിയാക്കുന്നവരുണ്ട്, അച്ഛന്റെ മോഡുലേഷനാണ് ഞാൻ പിന്തുടരുന്നത്; ഷോബി തിലകൻ
ഡബ്ബിങ് ആർട്ടിസ്റ്റ്, നടൻ എന്ന നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ഷോബി തിലകൻ. രണ്ടര പതിറ്റാണ്ടിലേറെയായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്. ഇപ്പോഴിതാ, തന്റെ ശബ്ദത്തെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകൻ. കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ശബ്ദത്തിന് എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്റെ ശബ്ദത്തെ രണ്ടു രീതിയിലാണ് താൻ കാണുന്നതെന്ന് ഷോബി പറയുന്നു. താൻ എപ്പോഴും അച്ഛന്റെ മോഡുലേഷനുകളാണ് പിന്തുടരുന്നത് അതനുസരിച്ച് തന്റെ ശബ്ദത്തിന് താൻ പത്തിൽ ഒമ്പത് മാർക്കും നൽകും മറ്റൊരു രീതിയിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വെച്ചു നോക്കുമ്പോൾ അഞ്ച് മാർക്ക് മാത്രമേ നൽകു എന്നും ഷോബി പറയുന്നു. അതിന് ഷോബി പറയുന്ന കാരണങ്ങൾ ഇവയാണ്.
'എന്റെ ശബ്ദം വളരെ ഗാംഭീര്യമുള്ള ശബ്ദമാണെന്നാണ് എല്ലാവരും പറയുന്നത്. ചിലർ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമെന്നും എന്റെ ശബ്ദത്തെ പറയാറുണ്ട്. സീരിയൽ മേഖലയിൽ തന്നെ ചിലർ എന്നെ കറുമുറു എന്ന് കളിയാക്കി വിളിക്കാറുണ്ട്. അതൊക്കെ ശബ്ദത്തിന്റെ ഒരു ദോഷമായാണ് കാണുന്നത്. ചില കഥാപാത്രങ്ങൾ അതുകൊണ്ട് തന്നെ കിട്ടാറില്ല.'
'എനിക്ക് ഇഷ്ടമുള്ള ചില കഥാപാത്രങ്ങൾ ഈ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടും ബേസ് കൂടുതലായത് കൊണ്ടും നഷ്ടപ്പെട്ടിട്ടുണ്ട്. ചോക്ലേറ്റ് നായകന്മാരുടെ ശബ്ദം ചെയ്യാൻ ഒന്നും എന്റെ ശബ്ദം പറ്റില്ല. എല്ലാവർക്കും അറിയുന്ന ശബ്ദമായതിനാൽ ശബ്ദത്തിൽ വലിയ മാറ്റമൊന്നും വരുത്താനും സാധിക്കില്ല. അങ്ങനെ ഒരു രീതിയിൽ തനിക്ക് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതും എല്ലാം വെച്ച് നോക്കുമ്പോൾ ഞാൻ അഞ്ച് മാർക്കെ കൊടുക്കൂ. അല്ലെങ്കിൽ ഞാൻ ഒമ്പത് കൊടുക്കും.' ഷോബി പറഞ്ഞു.
