45-ാമത് ഷാർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

  1. Home
  2. Art & Culture

45-ാമത് ഷാർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

sharjah. book festival


ലോകമെമ്പാടുമുള്ള വായനാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് (SIBF 2026) നാളെ (ബുധനാഴ്ച) എക്സ്പോ സെന്റർ ഷാർജയിൽ തുടക്കമാകും. ‘കഥകളാൽ മെനഞ്ഞത്’ (It Starts with a Book) എന്ന സവിശേഷ പ്രമേയത്തിൽ നവംബർ 15 വരെ നീളുന്ന വായനോത്സവത്തിൽ 124 രാജ്യങ്ങളിൽ നിന്നുള്ള 2,673 പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളുമാണ് അണിനിരക്കുന്നത്.

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ മേളയിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഷാർജ പുസ്തകമേളയിൽ പങ്കാളിയാകുന്നത് ഇതാദ്യമായാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരും ചിന്തകരും സാംസ്കാരിക നായകന്മാരും 12 ദിവസം നീളുന്ന മേളയ്ക്ക് മാറ്റ് കൂട്ടാനെത്തും.

മലയാള സാഹിത്യരംഗത്തെ മുന്നണിപ്പോരാളികളും കവികളും പങ്കെടുക്കുന്ന വൈവിധ്യമാർന്ന പ്രഭാഷണങ്ങളും സംവാദങ്ങളും ഇത്തവണത്തെ പ്രധാന ആകർഷണമാണ്. കവി പി.കെ. ഗോപിയും പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും സംവദിക്കുന്ന 'കവിത പാട്ടായി മാറുമ്പോൾ' എന്ന സാംസ്കാരിക പരിപാടി നവംബർ 7-ന് രാത്രി ഇന്റലക്ച്വൽ ഹാളിൽ അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കുമായി ആകെ 1,500-ലേറെ സാംസ്കാരിക-സാഹിത്യ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. മുൻവർഷങ്ങളിലേതുപോലെ തന്നെ പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.