ഷാർജയിൽ ഇനി ആർക്കും മ്യൂസിയം ഉടമകളാകാം; ലൈസൻസിനായി ഡിജിറ്റൽ സേവനം ആരംഭിച്ച് എസ്.എം.എ
വിലപ്പെട്ട സാംസ്കാരിക-ചരിത്ര ശേഖരങ്ങളുള്ള വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വന്തമായി മ്യൂസിയം ആരംഭിക്കാനുള്ള പുതിയ ഡിജിറ്റൽ സേവനത്തിന് ഷാർജ മ്യൂസിയം അതോറിറ്റി (SMA) തുടക്കം കുറിച്ചു. സ്വകാര്യ മ്യൂസിയങ്ങൾക്ക് ഔദ്യോഗികമായി രജിസ്ട്രേഷനും ലൈസൻസും നൽകുന്നതാണ് പദ്ധതി. താൽപ്പര്യമുള്ളവർക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇനി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2020-ലെ ഏഴാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ പരിഷ്കാരം.
അംഗീകൃത മ്യൂസിയം മാനദണ്ഡങ്ങളും സുരക്ഷാ വ്യവസ്ഥകളും പാലിച്ച്, എമിറേറ്റിലെ സാംസ്കാരിക മേഖലയെ ശക്തമായ ഒരു ഔദ്യോഗിക ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരികയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രപരവും സാംസ്കാരികവുമായ പൈതൃക ശേഖരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും അവ പൊതുജനങ്ങൾക്കായി അനുയോജ്യമായ രീതിയിൽ പ്രദർശിപ്പിക്കാനും തദ്ദേശീയർക്ക് അവസരമൊരുങ്ങുന്നതോടെ ഭാവിതലമുറയ്ക്കായി ചരിത്രം കാത്തുസൂക്ഷിക്കുന്നതിൽ സ്വകാര്യ പങ്കാളിത്തം കൂടുതൽ സജീവമാകും.
ഷാർജ സാമ്പത്തിക വികസന വകുപ്പുമായി (SEDD) സഹകരിച്ചാണ് ഈ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിരിക്കുന്നത്. അപേക്ഷകർക്ക് മ്യൂസിയത്തിന്റെ വിവരങ്ങൾ, സ്ഥലം, പ്രവർത്തന ദിവസങ്ങൾ എന്നിവ വെബ്സൈറ്റിൽ രേഖപ്പെടുത്തി ഓൺലൈനായിത്തന്നെ അപേക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ:
- പ്രദർശിപ്പിക്കുന്ന വസ്തുക്കളുടെ ആധികാരികതയും നിയമപരമായ ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- മികച്ച പ്രദർശന അന്തരീക്ഷം, വ്യക്തമായ വിവരങ്ങൾ നൽകുന്ന സൈൻ ബോർഡുകൾ എന്നിവ ഉണ്ടായിരിക്കണം.
- കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും സന്ദർശകർക്ക് സുഗമമായി വന്നുപോകാനുള്ള സൗകര്യങ്ങളും മ്യൂസിയങ്ങളിൽ നിർബന്ധമാണ്.
