വാഴ്സോയിൽ വിസ്മയമായി 'ആയുർവോഡ്'; പോളണ്ടിലെ രാജ്യാന്തര സ്പിരിറ്റ്സ് മത്സരത്തിൽ സ്വർണത്തിളക്കത്തിൽ മലയാളി സംരംഭം
പോളണ്ടിൽ നടന്ന Warsaw Spirits Competition 2025-ൽ ഇന്ത്യൻ പ്രചോദനമുള്ള ഹർബൽ ലിക്വർ ബ്രാൻഡായ ആയുർവോഡ് (Ayurvod) സ്വർണ്ണ മെഡൽ നേടി. യൂറോപ്പിലെ ഏറ്റവും വലിയ സ്പിരിറ്റ്‌സ് മത്സരങ്ങളിലൊന്നായ ഈ വേദിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ-പ്രചോദിത ഹർബൽ ലിക്വർ ബ്രാൻഡുകളിൽ ഒന്നാണ് ആയുർവോഡ്.
ഇന്ത്യൻ ആയുർവേദ സങ്കൽപ്പങ്ങളിൽ നിന്നുള്ള സസ്യ ഘടകങ്ങളും, പോളണ്ടിന്റെ ലോകപ്രശസ്ത വോഡ്ക ഡിസ്റ്റിലേഷൻ സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് ആയുർവോഡ് നിർമ്മിച്ചിരിക്കുന്നത്. ആധുനിക അന്താരാഷ്ട്ര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ഈ ഉൽപ്പന്നം, രുചിയിലും ഗുണനിലവാരത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതായാണ് മത്സരത്തിലെ വിദഗ്ധ ജഡ്ജിംഗ് പാനൽ വിലയിരുത്തിയത്.
കൊടുങ്ങല്ലൂർ സ്വദേശിയായ ആയുർവോഡിന്റെ സ്ഥാപകൻ മിഥുൻ മോഹൻ, ഒരുകാലത്ത് ലോകത്തേക്കുള്ള സുഗന്ധദ്രവ്യ വ്യാപാരത്തിന്റെ പ്രധാന കവാടമായിരുന്ന മുസിരിസിന്റെ പൈതൃകവും ഈ സംരംഭത്തിന് പ്രചോദനമായതായി അദ്ദേഹം പറഞ്ഞു.
''ലോകത്ത് നിരവധി പ്രശസ്ത ഹർബൽ ലിക്വറുകൾ ഉണ്ടെങ്കിലും, ആയുർവേദത്തിന്റെ ജന്മനാടായ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള ഹർബൽ സ്പിരിറ്റ് ബ്രാൻഡ് ഇന്നുവരെ ഉണ്ടായിരുന്നില്ല. ആ ശൂന്യത നികത്താനാണ് ആയുർവോഡ് സൃഷ്ടിച്ചത്,'' അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലും അമേരിക്കയിലും ബോട്ടാനിക്കൽ ലിക്വറുകൾക്ക് വലിയ സ്വീകാര്യതയുള്ള സാഹചര്യത്തിൽ, ഇന്ത്യൻ സസ്യജ്ഞാനത്തെ ആധുനിക സ്പിരിറ്റായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആയുർവോഡ്, ഈ സ്വർണ്ണ മെഡൽ നേട്ടത്തോടെ അന്താരാഷ്ട്ര വിപണിയിൽ വലിയ ശ്രദ്ധ നേടുകയാണ്.
ഈ പുരസ്‌കാരം ആയുർവോഡിന്റെ ഉൽപ്പന്ന നിലവാരത്തിനൊപ്പം തന്നെ, ഇന്ത്യൻ ബോട്ടാനിക്കൽ പൈതൃകത്തിന് ആഗോള തലത്തിൽ വാണിജ്യ സാധ്യതയുണ്ടെന്നതിന്റെ അംഗീകാരമാണെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.
''യൂറോപ്പിന്റെ ഹൃദയഭാഗത്ത് ഒരു ഇന്ത്യൻ പ്രചോദനമുള്ള സ്പിരിറ്റ് സ്വർണം നേടുന്നത്, നമ്മുടെ പാരമ്പര്യ ജ്ഞാനം ലോകത്തിന്റെ മുൻനിര ഷെൽഫുകളിൽ സ്ഥാനം പിടിക്കാനുള്ള സാധ്യത തെളിയിക്കുന്നു,'' എന്നാണ് സ്ഥാപകന്റെ പ്രതികരണം.
അന്താരാഷ്ട്ര വിപണികളിലേക്ക് ആയുർവോഡിന്റെ വ്യാപനം ശക്തമാക്കാനുള്ള പദ്ധതികളാണ് ഇനി കമ്പനി ലക്ഷ്യമിടുന്നത്. ഈ സ്വർണ്ണ മെഡൽ നേട്ടം ആ യാത്രയിലെ നിർണായകമായൊരു ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
