ഗ്ലോബൽ വില്ലേജ് ഈ മാസം 31 വരെ നീട്ടി; ബലിപെരുന്നാൾ ആഘോഷങ്ങൾക്കും ഗ്ലോബൽ വില്ലേജിൽ അവസരം

  1. Home
  2. Art & Culture

ഗ്ലോബൽ വില്ലേജ് ഈ മാസം 31 വരെ നീട്ടി; ബലിപെരുന്നാൾ ആഘോഷങ്ങൾക്കും ഗ്ലോബൽ വില്ലേജിൽ അവസരം

dubai global village


യുഎഇയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ ഈ സീസണിലെ പ്രവർത്തനങ്ങൾ മെയ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ലോകരാജ്യങ്ങളുടെ സംസ്‌കാരം, ഷോപ്പിംഗ്, വിനോദം എന്നിവ ഒത്തുചേരുന്ന ഗ്ലോബൽ വില്ലേജിന്റെ സേവനം നീട്ടിയതോടെ ഇത്തവണത്തെ ബലിപെരുന്നാൾ അവധിദിനങ്ങൾ കൂടി ഇവിടെ ആഘോഷമാക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. മേഖലയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 20-നാണ് ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകരെ സ്വീകരിച്ചു തുടങ്ങിയത്.

മൂന്ന് പതിറ്റാണ്ടുകളിലൂടെ നേടിയ അതിഥികളുടെയും പങ്കാളികളുടെയും വിശ്വാസമാണ് ഗ്ലോബൽ വില്ലേജിന്റെ കരുത്തെന്ന് ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ് സിഇഒ ഫെർനാണ്ടോ എയ്‌റോവ പറഞ്ഞു. നിലവിൽ സന്ദർശകർക്കായി ആകർഷകമായ ഓഫറുകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിലെ എല്ലാ റൈഡുകളും 99 ദിർഹത്തിന് ആസ്വദിക്കാം. കൂടാതെ, ഫാമിലി ഓഫർ ടിക്കറ്റിലൂടെ നാല് പേരടങ്ങുന്ന കുടുംബത്തിന് വെറും 30 ദിർഹത്തിന് പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്.

ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് അഞ്ച് മണി മുതൽ അർധരാത്രി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മണി മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് പ്രവർത്തന സമയം. ലോകത്തെ 90-ലേറെ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകൾ, 3500-ലേറെ വ്യാപാര കേന്ദ്രങ്ങൾ, 250-ഓളം ഭക്ഷണശാലകൾ എന്നിവയാണ് ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലോട്ടിങ് മാർക്കറ്റ്, ഹാപ്പിനെസ് സ്ട്രീറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിവയും സന്ദർശകർക്ക് പുത്തൻ അനുഭവമാകും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (https://www.globalvillage.ae) സന്ദർശിക്കാവുന്നതാണ്.