അൽ അഹ്‌സയിൽ ഈന്തപ്പഴ വിളവെടുപ്പ് തുടങ്ങി; മികച്ച വില പ്രതീക്ഷയിൽ കർഷകർ

  1. Home
  2. Art & Culture

അൽ അഹ്‌സയിൽ ഈന്തപ്പഴ വിളവെടുപ്പ് തുടങ്ങി; മികച്ച വില പ്രതീക്ഷയിൽ കർഷകർ

al ahsa


ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയായ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പിന് തുടക്കമായി. ഇരുപത് ലക്ഷത്തിലേറെ ഈന്തപ്പനകളുള്ള അൽ അഹ്‌സയിൽ നിന്ന് പ്രതിവർഷം 1,20,000 ടണ്ണിലധികം ഈന്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലമെങ്കിലും, ഇത്തവണ കടുത്ത ചൂട് നേരത്തെ എത്തിയതോടെ ഈന്തപ്പഴങ്ങൾ വേഗത്തിൽ പാകമാകുകയായിരുന്നു.

ലോകപ്രശസ്ത ഇനങ്ങളായ ഖലാസ്, സുക്കാരി, അജ്‌വ ഉൾപ്പെടെ ഇരുപതിലധികം മികച്ചയിനം ഈന്തപ്പഴങ്ങളാണ് ഇവിടെയുള്ളത്. ആദ്യഘട്ടത്തിൽ വിളവെടുക്കുന്നവ ഗുണനിലവാരവും വലിപ്പവും അനുസരിച്ച് തരംതിരിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. സീസണിന്റെ തുടക്കമായതിനാൽ വിപണിയിൽ വലിയ ഡിമാൻഡും മികച്ച വിലയുമാണ് കർഷകർക്ക് ലഭിക്കുന്നത്.

വിപണനം സുഗമമാക്കുന്നതിനായി സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയവും അൽ അഹ്‌സ മുനിസിപ്പാലിറ്റിയും ചേർന്ന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കർഷകരെയും വ്യാപാരികളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനും ലേല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി പ്രത്യേക ഫീൽഡ് ടീമുകളെയും നിയോഗിച്ചു. ഇതിന് പുറമെ സീസണൽ ഈന്തപ്പഴ ഉത്സവങ്ങളും കർഷക വിപണികളും അധികൃതർ ഉടൻ സംഘടിപ്പിക്കും.