'ഞാനും ഒരു കഥകളിക്കാരിയായിരുന്നു'; ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെച്ച് മന്ത്രി ആർ. ബിന്ദു
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ സന്ദർശനം. വെറുമൊരു ഔദ്യോഗിക സന്ദർശനത്തിനപ്പുറം, തന്റെ കുട്ടിക്കാലത്തെ കലാജീവിതത്തിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുപോക്കായിരുന്നു മന്ത്രിക്ക് ഈ കലോത്സവ വേദി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇനമായ കഥകളി മത്സരം കാണാനാണ് മന്ത്രി 'നിത്യകല്യാണി' വേദിയിലെത്തിയത്. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രക്ഷാധികാരി കൂടിയാണ് മന്ത്രി.
താനൊരു പഴയ കഥകളി കലാകാരിയായിരുന്നു എന്ന കാര്യം കുട്ടികളോട് പങ്കുവെച്ച മന്ത്രി, അവർക്കൊപ്പം കഥകളി മുദ്രകൾ കാണിച്ചും വിശേഷങ്ങൾ തിരക്കിയും സമയം ചെലവഴിച്ചു. സ്കൂൾ തലത്തിലും കോളേജ് തലത്തിലും കഥകളിയിൽ സജീവമായിരുന്ന മന്ത്രി, നിരവധി വേദികളിൽ വേഷമിടുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വേഷമണിയുന്ന കുട്ടികൾക്കിടയിലേക്ക് എത്തിയ മന്ത്രി, അവരെ ചമയിക്കുന്ന ആശാന്മാരെ സന്ദർശിക്കുകയും കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. കഥകളി മുദ്രകളും ചുവടുകളും കുട്ടികൾക്കൊപ്പം അവതരിപ്പിച്ച മന്ത്രിയുടെ ഇടപെടൽ കലോത്സവത്തിലെ വേറിട്ട കാഴ്ചയായി മാറി.
അനുഷ്ഠാന കലകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയിലെ കുട്ടികൾ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വേദിയിൽ കഥകളി അവതരിപ്പിക്കുന്ന കുട്ടികളെ കാണുമ്പോൾ സ്വന്തം കലോത്സവ ദിനങ്ങളുടെ ദൃശ്യാനുഭവം മനസ്സിലേക്ക് ഓടിയെത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കലോത്സവ വേദികളിൽ മന്ത്രിയുടെ ഈ സാമീപ്യം മത്സരാർത്ഥികൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
