ആകാശച്ചെരുവിലെ പട്ടം മേള; ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

  1. Home
  2. Art & Culture

ആകാശച്ചെരുവിലെ പട്ടം മേള; ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

kite festival


ഖത്തറിലെ ശൈത്യകാല വിനോദങ്ങളിൽ ഏറെ ജനപ്രിയമായ 'ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്' ഇന്ന് തുടക്കമാകും. ദോഹയുടെ ആകാശത്ത് ഭീമൻ പട്ടം പറത്തൽ പ്രകടനങ്ങളുടെ അവിസ്മരണീയ കാഴ്ചകളൊരുക്കുന്ന നാലാമത് കൈറ്റ് ഫെസ്റ്റിവലാണ് ഇന്നു മുതൽ നടക്കുന്നത്. ജനുവരി 24 വരെ നീണ്ടുനിൽക്കുന്ന ഈ മേളയ്ക്ക് ഓൾഡ് ദോഹ പോർട്ട് (Old Doha Port) ആണ് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രൊഫഷണൽ ടീമുകളാണ് ഇത്തവണത്തെ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കുന്നത്. പകലും രാത്രിയുമായി നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരേഡുകളും സ്റ്റേജ് ഷോകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്കായി പ്രത്യേക പ്ലേ ഗ്രൗണ്ടുകൾ, കിഡ്‌സ് സോണുകൾ, പട്ടം നിർമ്മാണ വർക്ക്ഷോപ്പുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മേളയ്‌ക്കെത്തുന്ന കുട്ടികൾക്ക് സൗജന്യമായി പട്ടം നൽകുന്ന പരിപാടിയും ഇത്തവണത്തെ പ്രത്യേകതയാണ്. ആഗോളതലത്തിലെ മികച്ച ടീമുകളുടെ ഭീമൻ പട്ടം പറത്തൽ പ്രകടനങ്ങൾക്ക് പുറമെ കുട്ടികൾക്ക് പട്ടം നിർമ്മാണം നേരിട്ട് പഠിക്കാനുള്ള അവസരവും വർക്ക്ഷോപ്പുകളിലൂടെ ലഭിക്കും. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന കാർണിവൽ പരേഡുകൾ, സ്റ്റേജ് ഷോകൾ, വിവിധ കലാരൂപങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി അരങ്ങേറും. സന്ദർശകർക്കായി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകളും വേദിക്ക് സമീപം സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ ഇത്തവണയും പതിനായിരക്കണക്കിന് സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കുടുംബത്തോടൊപ്പം വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദോഹ പോർട്ടിലെ ഈ ദൃശ്യവിസ്മയം മികച്ചൊരനുഭവമായിരിക്കും.