സ്ത്രീകൾക്കായി ലേഡീസ് ലോഞ്ചും ഡിജിറ്റൽ ലാബുകളും; ഷാർജയിൽ വിസ്മയമായി ‘ഹൗസ് ഓഫ് വിസ്ഡം’

  1. Home
  2. Art & Culture

സ്ത്രീകൾക്കായി ലേഡീസ് ലോഞ്ചും ഡിജിറ്റൽ ലാബുകളും; ഷാർജയിൽ വിസ്മയമായി ‘ഹൗസ് ഓഫ് വിസ്ഡം’

house of wisdom


യുനെസ്കോയുടെ ‘വേൾഡ് ബുക്ക് ക്യാപിറ്റൽ’ അംഗീകാരത്തിന്റെ സ്മരണയ്ക്കായി ഷാർജയിൽ നിർമ്മിച്ച ‘ഹൗസ് ഓഫ് വിസ്ഡം’ (House of Wisdom) ആധുനിക സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. വെറുമൊരു പുസ്തകശേഖരത്തിനപ്പുറം, അറിവിന്റെ കൈമാറ്റവും ആധുനിക ആശയവിനിമയവും സാധ്യമാക്കുന്ന ജനകീയ കേന്ദ്രമായാണ് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (Shurooq) ഈ സ്ഥാപനത്തെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത രാജ്യാന്തര ആർക്കിടെക്ചർ കമ്പനിയായ ‘ഫോസ്റ്റർ + പാർട്ണേഴ്സ്’ ആണ് ഇതിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്.

ഡിജിറ്റൽ സംവിധാനങ്ങളും പുസ്തകങ്ങളുമടക്കം അഞ്ച് ലക്ഷത്തിലധികം ശീർഷകങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. വായനാമുറികൾക്ക് പുറമെ ലക്ചർ ഹാളുകൾ, എക്സിബിഷൻ വേദികൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വിജ്ഞാനത്തോട്ടം എന്നിവയും ഇതിന്റെ ഭാഗമാണ്. സ്ത്രീകൾക്കായി പ്രത്യേകം സജ്ജമാക്കിയ ‘ലേഡീസ് ലോഞ്ച്’, കാഴ്ചപരിമിതിയുള്ളവർക്കായി പ്രധാന പുസ്തകങ്ങൾക്കൊപ്പം തന്നെയുള്ള ബ്രെയിൽ പുസ്തകശേഖരം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

ഇസ്ലാമിക വാസ്തുവിദ്യയുടെ ഭംഗി ഉൾക്കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന് കടുത്ത വേനൽച്ചൂടിൽ നിന്ന് സംരക്ഷണം നൽകാൻ 15 മീറ്റർ നീളമുള്ള കൂറ്റൻ മേൽക്കൂരയുണ്ട്. പകൽസമയത്ത് വെയിൽ തടയാനും വൈകുന്നേരങ്ങളിൽ സ്വകാര്യത നിലനിർത്താനും സഹായിക്കുന്ന മുള കൊണ്ടുള്ള സ്ക്രീനുകളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൈബ്രറികൾ എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണ് സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ കമ്മ്യൂണിറ്റി ഹബ്ബെന്ന് അധികൃതർ വ്യക്തമാക്കി.