ഒമ്പത് മാസത്തിനിടെ ഖത്തറിലെത്തിയത് 26 ലക്ഷത്തിലധികം സഞ്ചാരികൾ
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഖത്തറിലേക്ക് ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തിനിടെ 26.14 ലക്ഷം സന്ദർശകരെത്തി. ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ മാത്രം 2.76 ലക്ഷം പേരാണ് രാജ്യത്തെത്തിയത്. മുൻവർഷത്തെ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 1.1 ശതമാനത്തിന്റെ വർദ്ധനവാണിത് രേഖപ്പെടുത്തിയത്.
വർഷത്തിന്റെ തുടക്കത്തിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിമാന സർവീസ് തടസ്സങ്ങളും കാരണം മാർച്ച് മാസത്തിൽ സഞ്ചാരികളുടെ എണ്ണം 63,000 ആയി കുറഞ്ഞെങ്കിലും, തുടർന്നുള്ള മാസങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ഖത്തറിന് സാധിച്ചു. ആകെ എത്തിയ സഞ്ചാരികളിൽ 40.9 ശതമാനവും (10.69 ലക്ഷം പേർ) ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഏഷ്യൻ-ഓഷ്യാനിയ മേഖലയിൽ നിന്ന് 5.48 ലക്ഷം പേരും യൂറോപ്പിൽ നിന്ന് 5.38 ലക്ഷം പേരും ഖത്തറിലെത്തി.
അമേരിക്കൻ വൻകരയിൽ നിന്ന് 1.9 ലക്ഷവും മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 1.84 ലക്ഷവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 84,000 പേരും ഇക്കാലയളവിൽ സന്ദർശനം നടത്തി. സാംസ്കാരിക, കായിക, ബിസിനസ് പരിപാടികൾ ഏകോപിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യം.
