ദുബായിൽ റമദാൻ മാർക്കറ്റ് ഇന്ന് തുറക്കും; പൈതൃകവും ആഘോഷവും സമന്വയിക്കുന്ന വുൽഫ സീസൺ
റമദാൻ മാസത്തിന് മുന്നോടിയായി ദുബായിൽ ഒരുക്കുന്ന റമദാൻ മാർക്കറ്റ് ഇന്ന് പൊതുജനങ്ങൾക്കായി തുറക്കും. ദേരയിലെ അൽ റാസ് മാർക്കറ്റിലുള്ള ഓൾഡ് മുൻസിപ്പാലിറ്റി സ്ട്രീറ്റിലാണ് ഈ വിപണി സജ്ജീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന മാർക്കറ്റ്, നഗരത്തിന്റെ പൈതൃകവും ഇമാറാത്തി മൂല്യങ്ങളും ആഘോഷിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 'വുൽഫ സീസൺ' (Wulfa Season) എന്ന പരിപാടിയുടെ ഭാഗമാണ്. പരിചയം, അടുപ്പം എന്നൊക്കെ അർത്ഥമുള്ള 'വുൽഫ' എന്ന പ്രാദേശിക പദം സൂചിപ്പിക്കുന്നത് പോലെ, ജനങ്ങളെ പരസ്പരം അടുപ്പിക്കുകയും സംസ്കാരം പങ്കുവെക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്.
വൈവിധ്യമാർന്ന പാരമ്പര്യ കച്ചവടക്കാർ, സംരംഭകർ, പത്തിലധികം റെസ്റ്റോറന്റുകൾ എന്നിവ മാർക്കറ്റിലെ പ്രധാന ആകർഷണങ്ങളായിരിക്കും. ഇമാറാത്തി വിഭവങ്ങൾക്കൊപ്പം മറ്റ് ജനപ്രിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. ദൃഢനിശ്ചയ വിഭാഗത്തിൽ (People of Determination) ഉള്ളവരെ കൂടി ഉൾക്കൊള്ളുന്ന രീതിയിലാണ് മാർക്കറ്റിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. കച്ചവടത്തിന് പുറമെ, പാരമ്പര്യ ഇമാറാത്തി നാടൻ കലകൾ, തത്സമയ പരിപാടികൾ, കുട്ടികൾക്കായി സാംസ്കാരിക ശില്പശാലകൾ, മത്സരങ്ങൾ എന്നിവയും മാർക്കറ്റിന്റെ ഭാഗമായി അരങ്ങേറും. സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50-ലധികം സംരംഭങ്ങളാണ് ഈ സീസണിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചരിത്രപരമായ വിപണികളെ സാംസ്കാരിക ഇടങ്ങളായി പുനരുജ്ജീവിപ്പിക്കാനാണ് ദുബായ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്ന് വാസ്തുവിദ്യ പൈതൃക വകപ്പ് ഡയറക്ടർ അസീം അൽ ഖാസിം വ്യക്തമാക്കി. ഇമാറാത്തി പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതിലൂടെ ദുബായുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. റമദാൻ, ഹഖ് അൽ ലൈല, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കൂടുതൽ പരിപാടികൾ നടക്കും.
