റിയാദ് സീസൺ ചരിത്രത്തിലേക്ക്; സന്ദർശകരുടെ എണ്ണം 1.2 കോടി കവിഞ്ഞു
ആറാമത് റിയാദ് സീസൺ ആഘോഷങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ മാമാങ്കമായി മാറുന്നു. ആഘോഷങ്ങൾ ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം 1.2 കോടി കവിഞ്ഞതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആൽശൈഖ് അറിയിച്ചു. ഇതോടെ മിഡിൽ ഈസ്റ്റ് മേഖലയിലെയും ആഗോളതലത്തിലെയും വിനോദ സഞ്ചാര ഭൂപടത്തിൽ റിയാദ് സീസൺ മുൻനിര സ്ഥാനമുറപ്പിച്ചു.
വിനോദം, കല, സംഗീത കച്ചേരികൾ, ലോകോത്തര പ്രദർശനങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണത്തെ പ്രത്യേകത. സൗദിക്കകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാൻ റിയാദിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സീസണിലെ പ്രധാന വേദിയായ 'ബൊളിവാഡ് വേൾഡി'ലാണ് (Boulevard World) ഏറ്റവും വലിയ ജനപങ്കാളിത്തം അനുഭവപ്പെടുന്നത്. ഒന്നിലധികം രാജ്യങ്ങളുടെ സംസ്കാരങ്ങളും അനുഭവങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നതാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.
കൂടാതെ ആഡംബര റെസ്റ്റോറന്റുകളാൽ ശ്രദ്ധേയമായ 'വിയ റിയാദ്' (Via Riyadh), പ്രകൃതിഭംഗി ആസ്വദിക്കാവുന്ന 'ദ ഗ്രോവ്സ്' (The Groves) എന്നീ മേഖലകളും സന്ദർശകരുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി. ഉയർന്ന നിലവാരമുള്ള വിനോദ പരിപാടികളിലൂടെ ആഗോള വിനോദ കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്നും റെക്കോർഡ് പങ്കാളിത്തമാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും അധികൃതർ അറിയിച്ചു.
