സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; നാല് ദിവസം അവധി ലഭിക്കും
സൗദി അറേബ്യയിലെ സ്വകാര്യ, ലാഭേച്ഛയില്ലാത്ത (Non-profit) മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഈ വർഷത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമെന്ന് സൗദി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം (MHRSD) അറിയിച്ചു. പുണ്യദിനമായ ദുൽഹിജ്ജ ഒമ്പത് (മേയ് 26) അറഫാ ദിനം മുതലായിരിക്കും അവധി ദിവസങ്ങൾ ആരംഭിക്കുക.
സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനപ്രകാരം ഇന്ന് (മേയ് 18 തിങ്കളാഴ്ച) ദുൽഹിജ്ജ മാസം ഒന്നാം തീയതിയായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് മേയ് 26 ചൊവ്വാഴ്ച പുണ്യമായ അറഫാ ദിനവും, തൊട്ടടുത്ത ദിവസമായ മേയ് 27 ബുധനാഴ്ച ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാളും ആയിരിക്കും. മേയ് 26 ചൊവ്വാഴ്ച ജോലി അവസാനിക്കുന്നത് മുതൽ നാല് ദിവസത്തെ പെരുന്നാൾ അവധി ആസ്വദിക്കാൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവസരമൊരുങ്ങും.
വാരാന്ത്യ അവധി ദിവസങ്ങൾ ഉൾപ്പെടെ വരുന്നതോടെ പ്രവാസികൾ അടക്കമുള്ള ജീവനക്കാർക്ക് മികച്ചൊരു പെരുന്നാൾ അവധിക്കാലമായിരിക്കും ഇത്തവണ ലഭിക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവധി ദിനങ്ങൾ സിവിൽ സർവീസ് മന്ത്രാലയം വരും ദിവസങ്ങളിൽ പ്രത്യേകമായി പ്രഖ്യാപിക്കും.
