ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ നാലിന്
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (എസ്.ഐ.ബി.എഫ് 2026) നവംബർ നാലുമുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ‘മേഡ് ഓഫ് സ്റ്റോറീസ്’ (കഥകളാൽ നിർമിതം) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ 124 രാജ്യങ്ങളിൽ നിന്നായി 2,673 പബ്ലിഷർമാരും എക്സിബിറ്റർമാരും പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മേളയിലെ പ്രമുഖ രാജ്യാന്തര അതിഥികളിലൊരാളായി പങ്കെടുക്കും. സാംസ്കാരികവും കലാപരവുമായ 1,500-ലധികം വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.
ഒമാന്റെ സാഹിത്യവും പൈതൃകവും വിളിച്ചോതുന്ന 15 സാംസ്കാരിക സെഷനുകളും 20 കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കായുള്ള ‘ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്’, ‘ത്രില്ലർ ഫെസ്റ്റ്’, ‘കുക്കറി കോർണർ’ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. ഒക്ടോബർ 31 മുതൽ പ്രസാധകർക്കായുള്ള പ്രൊഫഷനൽ പ്രോഗ്രാമുകൾക്ക് തുടക്കമാകും.
