ആറാമത് അൽ ദൈദ് ഈത്തപ്പഴ മേളക്ക് എക്സ്പോ അൽ ദൈദിൽ തുടക്കം
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും അൽ ദൈദ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് അൽ ദൈദ് ഈന്തപ്പഴ മേളക്ക് എക്സ്പോ അൽ ദൈദിൽ തുടക്കമായി. ഒക്ടോബർ 11 വരെ നീളുന്ന നാല് ദിവസത്തെ മേളയിൽ രാജ്യത്തെ പ്രമുഖ കർഷകർ, ഈന്തപ്പഴ ഉൽപാദകർ, വ്യാപാരികൾ, തദ്ദേശീയ സംരംഭകർ എന്നിവർ പങ്കാളികളാകും. യു.എ.ഇയിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം.
മികച്ച ഇനം ഈന്തപ്പഴങ്ങളുടെ പ്രദർശനവും ലേലവുമാണ് മേളയുടെ പ്രധാന ആകർഷണം. 2026 സീസണിൽ യു.എ.ഇയിൽ ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള ഈന്തപ്പഴങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ, വിപണന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം.
