സുഹൈൽ ഫാൾക്കൺ മേളയ്ക്ക് കത്താറയിൽ തിരിതെളിഞ്ഞു; സെപ്റ്റംബർ 12 വരെ നീളും
പരമ്പരാഗത അറബ് പൈതൃകവും ഖത്തറിന്റെ സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഫാൾക്കൺ എക്സിബിഷന് (സുഹൈൽ ഫാൾക്കൺ മേള) കത്താറ കൾച്ചറൽ വില്ലേജിൽ തുടക്കമായി. സെപ്റ്റംബർ 8 മുതൽ 12 വരെ നടക്കുന്ന മേളയുടെ പത്താമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ടിന്റെ പിന്തുണയോടെ വിവിധ ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഖത്തറിന്റെ പ്രധാന വാർഷിക സാംസ്കാരിക വിനോദ പരിപാടികളിലൊന്നായ മേളയിൽ ഇന്ത്യ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെുടുക്കുന്നുണ്ട്. വിവിധ ഇനം ഫാൾക്കൺ പക്ഷികളുടെ പ്രദർശനവും വിൽപ്പനയും, വേട്ടയാടൽ ഉപകരണങ്ങൾ, ക്യാമ്പിങ് സാമഗ്രികൾ, 4x4 വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 155-ലധികം മുൻനിര കമ്പനികളാണ് എക്സിബിഷനിൽ അണിനിരക്കുന്നത്.
ഫാൾക്കൺ ലേലം, ഫാൾക്കൺ പരിചരണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, വേട്ടയാടൽ തോക്കുകൾക്കും പക്ഷികൾക്കും തത്സമയ ലൈസൻസിങ് സഹായം, ബിസിനസ് ഗ്രൂപ്പുകൾക്കായി ബി2ബി ലോഞ്ച് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫാൾക്കൺ ഹണ്ടിങ് മത്സരങ്ങളും കുടുംബങ്ങൾക്കായി വിവിധ വിനോദ പരിപാടികളും വർക്ക്‌ഷോപ്പുകളും ഫുഡ് കോർട്ടുകളും എക്സിബിഷന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് കത്താറ അധികൃതർ അറിയിച്ചു.
