അബുദാബിയിലെ മ്യൂസിയങ്ങളിൽ മൂന്ന് ദിവസം സൗജന്യ പ്രവേശനം; രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് വൻ ഇളവ്
രാജ്യാന്തര മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ മ്യൂസിയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും സന്ദർശകർക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം അനുവദിച്ചു. ഈ വർഷത്തെ പ്രമേയമായ 'മ്യൂസിയങ്ങൾ വിഭജിക്കപ്പെട്ട ലോകത്തെ ഒന്നിപ്പിക്കുന്നു' (Museums Uniting a Divided World) എന്ന സന്ദേശമുയർത്തി മെയ് 16 മുതൽ 18 വരെയാണ് സൗജന്യ പ്രവേശനം ലഭ്യമാകുക. സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ്, അൽ ഐൻ, ഡെൽമ ഐലൻഡ് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
പ്രധാന ആകർഷണങ്ങൾ:
- ലൂവ്ര് അബുദാബി: സ്ഥിരം ഗാലറികളിലും പിക്കാസോ എക്സിബിഷനിലും സൗജന്യ ടൂർ സൗകര്യം ലഭ്യമാണ്. കുട്ടികൾക്കായി രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പ്രത്യേക വർക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്.
- നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം: കുട്ടികൾക്കും മുതിർന്നവർക്കും സയൻസ്-ക്രിയേറ്റീവ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാം. സ്വന്തമായി മിനി എക്സിബിഷൻ നിർമ്മിക്കാനും ലൈറ്റ് ലാബ് പരീക്ഷണങ്ങൾ നടത്താനും ഇവിടെ അവസരമുണ്ട്.
- സായിദ് നാഷണൽ മ്യൂസിയം: യുഎഇയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കലാപ്രകടനങ്ങൾ, ബ്രേസ്‌ലെറ്റ് നിർമ്മാണം, ഫാമിലി സ്കാവഞ്ചർ ഹണ്ട് എന്നിവയാണ് ഇവിടുത്തെ പ്രത്യേകതകൾ. സന്ദർശകർ വെബ്സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.
- ഖസർ അൽ ഹൊസൻ: മെയ് 17-ന് 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മ്യൂസിയത്തിലെ വിവിധ ഔദ്യോഗിക റോളുകൾ (ഗൈഡ്, ഫോട്ടോഗ്രാഫർ തുടങ്ങിയവ) കൈകാര്യം ചെയ്യാനുള്ള 'ചിൽഡ്രൻസ് ടേക്ക് ഓവർ' എന്ന സവിശേഷ പരിപാടി നടക്കും.
