ഒമാനിൽ മുന്തിരി ഫെസ്റ്റിവൽ ജൂൺ 16 മുതൽ; 50-ലധികം ഇനങ്ങൾ പ്രദർശിപ്പിക്കും
ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക മുന്തിരി ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 16, 17 തീയതികളിൽ അൽ മുദൈബി വിലായത്തിലെ സമദ് അൽ ഷാൻ നിയാബത്തിലാണ് മേള നടക്കുന്നത്. വിദേശികളടക്കം പതിനായിരത്തിലധികം സന്ദർശകരെ ഇത്തവണ പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
പ്രാദേശികമായും വിദേശത്തുനിന്നും എത്തിച്ച അമ്പതിലധികം മുന്തിരി ഇനങ്ങളുടെ വിപുലമായ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. ഒമാൻ സുൽത്താനേറ്റിൽ നിലവിൽ 220 ഏക്കറിലധികം സ്ഥലത്ത് മുന്തിരി കൃഷിയുണ്ട്. പ്രതിവർഷം 1,100 ടൺ ഉൽപാദനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇബ്ര വിലായത്തിലെ ആധുനിക മുന്തിരിത്തോട്ട പദ്ധതി വഴി ഈ വർഷം അവസാനത്തോടെ കൃഷിഭൂമി 300 ഏക്കറിലേക്ക് ഉയർത്തും. ഇത് ഒമാനിലെ ആകെ മുന്തിരി കൃഷിയുടെ 35 ശതമാനത്തിലധികമായിരിക്കും.
2040-ഓടെ ഒമാനിലെ മുന്തിരി കൃഷി 1,000 ഏക്കറിലേക്ക് വ്യാപിപ്പിക്കാനും ഇതിലൂടെ 5 ദശലക്ഷം റിയാലിലധികം സാമ്പത്തിക മൂല്യം കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നത്. കർഷകർക്കും നിക്ഷേപകർക്കും ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള മികച്ചൊരു സാമ്പത്തിക പ്ലാറ്റ്‌ഫോമായി ഈ മുന്തിരി മഹോത്സവം മാറുമെന്ന് വടക്കൻ ശർഖിയ കാർഷിക വികസന ഡയറക്ടർ ഡോ. ഖൈസ് സൈഫ് അൽ മാവാലി പറഞ്ഞു.
