ഒടിടിയിൽ ഗംഭീര പ്രതികരണങ്ങൾ നേടി ചിദംബരം ചിത്രം

  1. Home
  2. Cinema

ഒടിടിയിൽ ഗംഭീര പ്രതികരണങ്ങൾ നേടി ചിദംബരം ചിത്രം

balan


 

ഒടിടിയിൽ 100 മില്യൺ സ്ട്രീമിംഗ് മിനിറ്റുമായി ചിദംബരം സംവിധാനം ചെയ്ത 'ബാലൻ'. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ശേഷവും ഗംഭീര അഭിപ്രായങ്ങളാണ് നേടിയത്. ജൂൺ 19 ന് തിയേറ്ററുകളിൽ എത്തിയ ബാലൻ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും സിനിമയുടെ ആഖ്യാനരീതികൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ബാലന്റെ കഥാപാത്രം അവതരിപ്പിച്ച ആദിശേഷൻ, സിനാൻ എന്നിവരുടെ പ്രകടനവും, അമ്മയായി ചിത്രത്തിൽ വേഷമിട്ട ഫർസാന പാലത്തിങ്കലിന്റെയും പ്രകടനം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തിയ ടൊവിനോയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരക്കഥയ്ക്ക് കയ്യടി ലഭിക്കുന്നതിനൊപ്പം ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനും സുഷിന് ശ്യാമിന്റെ സംഗീതത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.