കോപ്പിയടിയാണെന്ന് ആരോപണം; ലോഗോ മാറ്റാനൊരുങ്ങി 'മമ്മൂട്ടി കമ്പനി'

  1. Home
  2. Cinema

കോപ്പിയടിയാണെന്ന് ആരോപണം; ലോഗോ മാറ്റാനൊരുങ്ങി 'മമ്മൂട്ടി കമ്പനി'

maootty kambini


നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം ഉയർന്നതിനെ തുടർന്ന് കമ്പനി ലോഗോ പിൻവലിക്കാനൊരുങ്ങുന്നു. ലോഗോ റീബ്രാൻഡിങ് ചെയ്യുന്ന വിവരം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.  'ഞങ്ങളുടെ ലോഗോ റീബ്രാൻഡിങിന് വിധേയമാക്കുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്ക് ഇവിടം സന്ദർശിക്കുക...ടീം മമ്മൂട്ടി കമ്പനി'എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 

വികലമായ കോപ്പിയാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ എന്നായിരുന്നു ആരോപണം. സിനിമാ ചർച്ചാ ഗ്രൂപ്പായ മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാ ബേസിലാണ് ആരോപണം ആദ്യം ഉന്നയിച്ചത്. ഫ്രീപിക് / വെക്റ്റര്‍‌സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിനകത്ത് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതുക മാത്രമാണ് ഡിസൈനർ ചെയ്തതെന്നാണ് ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി ചൂണ്ടിക്കാട്ടുന്നത്. ഇതേ ഡിസൈൻ മലയാളത്തിൽ മുൻപും ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. 

2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിന്റെ കവറിലും ഈ ഡിസൈൻ കാണാം. ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്താൽ ഇത്തരത്തിൽ നിരവധി ലോഗോ കാണാം. നമ്മുടെ സ്വന്തം മമ്മൂക്കയുടെ 'മമ്മൂട്ടി കമ്പനി' എന്ന പ്രമുഖ പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരമെന്നും കുറിപ്പിൽ പറയുന്നുണ്ട്.