സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആദ്യ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ വാട്‌സ്ആപ് മെസേജിലൂടെ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍. തൃഷ വിഷയത്തില്‍ പ്രതികരിച്ചതോടെയാണ് മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം പൊതുശ്രദ്ധയിലേക്ക് എത്തിയതത്. വിജയ് ചിത്രം ലിയോയില്‍ അഭിനയിക്കുമ്പോള്‍ നായിക തൃഷയുമൊത്ത് ഒരു കിടപ്പറ രംഗം ലഭിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.
തൃഷ തന്നെ ഇന്നലെ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ലേകേഷ് കനകരാജും ഇതിനെതിരെ ശക്തമായ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്‍സൂര്‍ അലി ഖാന്‍.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച വാട്‌സ്ആപ് മെസേജിലൂടെയാണ് മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.
"'ആ അഭിമുഖത്തില്‍ തൃഷയെ ഏറെ പ്രശംസിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. പക്ഷേ വിവാദം ഉണ്ടാക്കാനായി എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിച്ചത്. പഴയ ചിത്രങ്ങളില്‍ നായികമാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. അതിലുള്ള ദു:ഖം ഹാസ്യാത്മകമായി അവതരിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷേ തെറ്റായ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടത്. അതാണ് തൃഷയിലേക്കും എത്തിയത്. ഒപ്പം അഭിനയിക്കുന്ന നടിമാരെ ബഹുമാനിക്കുന്ന ആളാണ് ഞാനെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ". തന്റെ വരാനിരിക്കുന്ന ചിത്രത്തെയും രാഷ്ട്രീയ ഭാവിയെയും തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു.