മിഥുൻ മാനുവൽ തോമസ്- ജയസൂര്യ ചിത്രം 'ആട് 3'; റിലീസ് പ്രഖ്യാപിച്ചു
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മാർച്ച് 19 ന് പാൻ ഇന്ത്യൻ യാഷ് ചിത്രമായ ടോക്‌സിക്കിനൊപ്പം ക്ലാഷ് റിലീസായാണ് ആട് 3 എത്തുന്നതെന്നതും മലയാള സിനിമാ പ്രേമികളുടെ ആകാംഷയും ആവേശവും വർധിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3.
