കരയുന്നത് എന്റെ ശക്തിയാണ്; കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്, അത് ദുഖകരമാണ്: നടി നിത്യ മേനോൻ

  1. Home
  2. Cinema

കരയുന്നത് എന്റെ ശക്തിയാണ്; കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്, അത് ദുഖകരമാണ്: നടി നിത്യ മേനോൻ

nithya menon


മലയാളത്തിൽ സെൻസേഷനായി മാറിയ ശേഷം പിന്നീട് തമിഴിലും തെലുങ്കിലും ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യ മേനോൻ.  റച്ച് സിനിമകളിൽ അഭിനയിച്ച് കുറച്ച് നാൾ മാറി നിന്ന് വീണ്ടും തിരിച്ച് വരുന്നതാണ് നിത്യ മേനോന്റെ രീതി. അഭിനേത്രിയെന്ന നിലയിൽ തനിക്ക് ഈ ഇടവേള ആവശ്യമാണെന്നാണ് നിത്യ പറയുന്നത്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ.

കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എന്റെയൊരു അംശമുണ്ട്. ഓക്കെ കൺമണിയിലെ താര എന്ന കഥാപാത്രം തന്നെപ്പോലെയാണന്നും നിത്യ മേനോൻ വ്യക്തമാക്കി.

വിഷമം വരുമ്പോൾ കരയുന്നത് പതിവാണെന്ന് നിത്യ പറയുന്നു. കരയുന്നത് എന്റെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട് എനിക്ക് വിഷമം തോന്നാറുണ്ട്. അത് ദുഖകരമാണ്. കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും. കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കും. പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ് വരും. ഇപ്പോൾ ഒരുപാട് സമയം ഞാൻ വിഷമിച്ചിരിക്കാറില്ല. വളരെ പെട്ടെന്ന് അതിൽ നിന്ന് പുറത്ത് കടക്കുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. സ്വാഭിമാനം വിട്ട് ഒന്നും ചെയ്യരുത്. നമ്മളെ ഉപയോ​ഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും.

എല്ലാവരിൽ നിന്നും നല്ല പേര് വാങ്ങണമെന്ന് ചിന്തിച്ചാൽ ഒരുപാടിടത്ത് നിങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും പോകും. എല്ലാവരും നമ്മളെക്കുറിച്ച് നല്ലത് പറയണമെന്നത് നടക്കാത്ത കാര്യമാണെന്നും നിത്യ മേനോൻ ചൂണ്ടിക്കാട്ടി. ഒരു പുരുഷനെ ഇഷ്ടം തോന്നാൻ അയാളിൽ വേണ്ട ​ഗുണങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിനും നിത്യ മറുപടി. അത്തരം സങ്കൽപ്പങ്ങളൊന്നും തനിക്കിപ്പോഴില്ലെന്നാണ് നിത്യ പറയുന്നത്. അത്തരം കാര്യങ്ങളെല്ലാം പോയി. ഞാനിപ്പോൾ ഇരുപതുകളിൽ അല്ല. ഇങ്ങനെയിരിക്കണം അങ്ങനെയിരിക്കണം എന്നൊന്നുമില്ല.

കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്പ് ഞാൻ പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയെന്നും നിത്യ മേനോൻ വ്യക്തമാക്കി. ആരുടെയെങ്കിലും കൂടെ അഭിനയിക്കണം എന്ന ആ​ഗ്രഹമൊന്നും ഇല്ലെന്നും നിത്യ പറയുന്നു. എന്റെ കഴിവ് നല്ല രീതിയിൽ ഉപയോ​ഗിക്കണമെന്നും നന്നായി അത് പുറത്തേക്ക് എത്തിക്കണമെന്നും മാത്രമാണ് ആ​ഗ്രഹമെന്നും നിത്യ മേനോൻ വ്യക്തമാക്കി. 35 കാരിയാണ് നിത്യ മേനോൻ‌. കുറച്ച് നാൾ മുമ്പ് നിത്യ മേനോൻ വിവാഹിതയാകുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു.

നടി തന്നെ ഇക്കാര്യം നിഷേധിച്ച് രം​ഗത്ത് വന്നു. മലയാളത്തിൽ മാസ്റ്റർ പീസ് എന്നെ വെബ് സീരീസിലാണ് നിത്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്. തെലുങ്കിൽ കുമാരി ശ്രീമതി എന്ന സീരീസും പുറത്തിറങ്ങി. നിത്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കാതലിക്ക നേരമില്ലെയ് ആണ് നിത്യയുടെ റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം. ജയം രവിയാണ് ചിത്രത്തിലെ നായകൻ. യോ​ഗി ബാബു, വിനയ് റായ്, ലാൽ എന്നിവർ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.