ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു

  1. Home
  2. Cinema

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു

sanjay


പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗധ്വി അന്തരിച്ചു.  ധൂം, ധൂം 2 ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ പ്രശസ്തിയാര്‍ജിച്ച സംവിധായകനാണ് സഞ്ജയ് ഗധ്വി.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ബിപാഷ ബസു തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജയ് ഗധ്വിയുടെ വിയോഗത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. 2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ആദ്യമായി ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ ധൂം, ധൂം 2, 2002-ല്‍ പുറത്തിറങ്ങിയ മേരേ യാര്‍ കി ഷാദി ഹേ എന്നിവ പ്രശസ്തമാണ്.

   അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ  ധൂം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. 2006-ല്‍ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാഗത്തേക്കാള്‍ ഹിറ്റായി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും മുഖ്യവേഷങ്ങളിലെത്തി. കിഡ്‌നാപ്, അജബ് ഗസബ് എന്നി ചിത്രങ്ങളും പിന്നീടദ്ദേഹം സംവിധാനം ചെയ്തു. 2012-ലിറങ്ങിയ അജബ് ഗസബിനുശേഷം സിനിമയില്‍ നിന്നും അദ്ദേഹം ഏറെ നാള്‍ വിട്ട് നിന്നു. പിന്നീടിറങ്ങിയ ഓപ്പറേഷന്‍ പരീന്ദേ (2020) സംവിധാനം ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രവും.