പേട്രിയറ്റിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  1. Home
  2. Cinema

പേട്രിയറ്റിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

s


മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രേക്ഷകരിൽ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ‌ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.