കരിക്ക്' സിനിമ ചിത്രീകരണം ആരംഭിച്ചു
യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്‌ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനിടെ കരിക്ക് ടീം പുതിയ സിനിമയുമായി എത്തുകയാണെന്ന് അപ്‌ഡേറ്റുകൾ വന്നിരുന്നു. യുവ സംരഭകനായ ഡോക്ടർ അനന്തു, കരിക്ക് ഫൗണ്ടർ നിഖിൽ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ തുടങ്ങീ കരിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങൾ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.
