ഡയറ്റിലിരിക്കുന്നവർക്കായി ഒരു ഹെൽത്തി മോമോസ് റെസിപി
ഡയറ്റിലിരിക്കുന്നവർക്കായി ഒരു ഹെൽത്തി മോമോസിന്റെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൈദയ്ക്ക് പകരം റാഗിയും ഗോതമ്പും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മോമോസ് കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും നൽകുന്നതാണ്.
ആവശ്യമായ ചേരുവകൾ
ഗോതമ്പ് പൊടി - 1 കപ്പ്
റാഗി പൊടി - ¼ കപ്പ്
സോയ ചങ്ക്‌സ് - 20 ഗ്രാം
പനീർ - 20 ഗ്രാം
കാബേജ് - ¼ ഭാഗം (ചെറുതായി അരിഞ്ഞത്)
ഉപ്പ്, കുരുമുളക് പൊടി - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയും റാഗി പൊടിയും കുറച്ച് ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ നന്നായി കുഴച്ചെടുക്കുക. ഇത് അൽപ്പനേരം അടച്ചു വെക്കുക. ഫില്ലിങ്‌സിനായി സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിലിട്ട് വേവിച്ച് വെള്ളം പിഴിഞ്ഞുകളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കുക. കാബേജും പനീറും ചെറുതായി അരിയുക. ഇതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക.
കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കനം കുറച്ച് പരത്തുക. ഇതിന്റെ നടുവിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പനീർ, സോയ മിശ്രിതം വെച്ച് മോമോസിന്റെ ആകൃതിയിൽ മടക്കിയെടുക്കുക.ഒരു സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 7 മുതൽ 10 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുത്ത ഹെൽത്തി മോമോസ് റെഡി.
