മാരി മീ ചിക്കൻ: 2025-ൽ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ പാചകക്കുറിപ്പ്; ആരാണ് ഈ ​അടിപൊളി ഐറ്റം?

  1. Home
  2. Cookery

മാരി മീ ചിക്കൻ: 2025-ൽ ഏറ്റവും കൂടുതൽ പേര്‍ തിരഞ്ഞ പാചകക്കുറിപ്പ്; ആരാണ് ഈ ​അടിപൊളി ഐറ്റം?

marry me chicken


2025-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പാചകക്കുറിപ്പുകളിൽ ഒന്നാണ് 'മാരി മീ ചിക്കൻ' (Marry Me Chicken). വ്യത്യസ്തമായ പേരും രുചിയും കാരണം ഈ ചിക്കൻ വിഭവം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഡേറ്റ് നൈറ്റുകൾ മുതൽ കുടുംബസമേതമുള്ള അത്താഴ വിരുന്നുകളിൽ വരെ ഈ ക്രീമി ചിക്കൻ ഡിഷ് ഇപ്പോൾ ഒരു താരമാണ്.

പേരിന് പിന്നിലെ കഥ

ഈ വിഭവത്തിന്റെ പിറവി 2016-ലാണ്. 'ഡെലിഷ്' എന്ന മാഗസിനിലെ എഡിറ്ററായ ലിൻഡ്സെ ഫൺസ്റ്റൺ, വെയിലത്ത് ഉണക്കിയ തക്കാളി, വെളുത്തുള്ളി, ഹെവി ക്രീം, പാർമെസാൻ ചീസ് എന്നിവ ഉപയോഗിച്ച് ടസ്കൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ പാചകക്കുറിപ്പ് പരീക്ഷിച്ചു. ഈ വിഭവം രുചിച്ചുനോക്കിയ പ്രൊഡ്യൂസർ, അതിന്റെ രുചിയിൽ മതിമറന്ന് "ആ ചിക്കനു വേണ്ടി ഞാൻ നിന്നെ വിവാഹം കഴിക്കാം" എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഈ ക്രീമി വിഭവത്തിന് 'മാരി മീ ചിക്കൻ' എന്ന ആകർഷകമായ പേര് ലഭിച്ചത്.

വിഭവത്തിന്റെ പ്രത്യേകത

ബ്രൗൺ നിറത്തിൽ വറുത്തെടുത്ത ചിക്കൻ ബ്രസ്റ്റുകൾ, ഹെവി ക്രീം, ചിക്കൻ ബ്രോത്ത്, വെളുത്തുള്ളി, വെയിലത്ത് ഉണങ്ങിയ തക്കാളി, പാമസാൻ ചീസ് എന്നിവയാണ് മാരി മീ ചിക്കന്റെ പ്രധാന ചേരുവകൾ. തൈം, ഒറിഗാനോ, ബേസിൽ തുടങ്ങിയ ഇലകളുടെ സാന്നിധ്യവും രുചി വർദ്ധിപ്പിക്കുന്നു. ഈ ചേരുവകളെല്ലാം ചേർന്നുണ്ടാകുന്ന ക്രീമി സോസിലാണ് ചിക്കൻ വേവിക്കപ്പെടുന്നത്. വൈറ്റ് വൈൻ അല്ലെങ്കിൽ ഡിഷോൺ മസ്റ്റാർഡ് എന്നിവയും രുചി മെച്ചപ്പെടുത്താനായി ചേർക്കാറുണ്ട്. ചോറിനൊപ്പമോ പാസ്തയ്‌ക്കൊപ്പമോ ഈ വിഭവം കഴിക്കാവുന്നതാണ്.