ഒറ്റ സെക്കൻഡിൽ ബിരിയാണിക്ക് ഇത്രയും ഓർഡറോ? ബര്‍ഗർ തൊട്ടുപിന്നില്‍; ഇന്ത്യക്കാർ ഓൺലൈനിൽ വാങ്ങിയ വിഭവങ്ങൾ
ഭക്ഷണമെന്നാല്‍ വിശപ്പടക്കാന്‍ വേണ്ടിയുള്ളതു മാത്രമല്ല, അത് ആഘോഷവും സംസ്കാരവുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 2025 ലെ സ്വിഗ്ഗി റിപ്പോർട്ട്. സ്വിഗ്ഗിയുടെ പത്താം വാർഷിക പതിപ്പായ 'ഹൗ ഇന്ത്യ സ്വിഗ്ഗിഡ്' പുറത്തുവിട്ടപ്പോള്‍, തുടർച്ചയായ പത്താം വർഷവും 'ഇന്ത്യയുടെ ദേശീയ ഭക്ഷണം' എന്ന പദവി ബിരിയാണി തന്നെ നിലനിർത്തി.
രാജകീയ പദവിയുമായി ബിരിയാണി
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യക്കാർ ഓർഡർ ചെയ്തത് 9.3 കോടി ബിരിയാണികളാണ്. അതായത് ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണികൾ വീതം സ്വിഗ്ഗി വഴി ഡെലിവറി ചെയ്യപ്പെട്ടു. ഈ കണക്കനുസരിച്ച്, ഓരോ സെക്കൻഡിലും 3.25 ബിരിയാണികൾ ആണ് സ്വിഗ്ഗി വഴി ആളുകളിലേക്ക് എത്തുന്നത്.
ഇതിൽ 5.8 കോടി ഓർഡറുകളുമായി ചിക്കൻ ബിരിയാണി തരംഗമായി തുടരുന്നു. പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഇഡ്ഡലിക്കും ദോശയ്ക്കുമാണ് ആരാധകർ കൂടുതൽ. വെജിറ്റേറിയൻ വിഭവങ്ങളിൽ മസാല ദോശയ്ക്കാണ് (2.6 കോടി) കൂടുതൽ ആരാധകർ.മുൻപ് നഗരങ്ങളിൽ മാത്രം കണ്ടിരുന്ന രാത്രികാല ഭക്ഷണശീലം ഇപ്പോൾ ഇന്ത്യയൊട്ടാകെ പടർന്നിരിക്കുകയാണ്. അർദ്ധരാത്രി 12 നും പുലർച്ചെ 2 നും ഇടയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്നത് ചിക്കൻ ബർഗറുകളും ബിരിയാണികളുമാണ്. ബിരിയാണി കഴിഞ്ഞാൽ പിന്നെ ഇന്ത്യക്കാർക്ക് പ്രിയം ബർഗറിനോടാണ്. 4.4 കോടി ബർഗറുകളും 4 കോടി പിസ്സകളും കഴിഞ്ഞ വർഷം സ്വിഗ്ഗി വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി.
വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിലുള്ള ലഘുഭക്ഷണ സമയത്ത് സമോസയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. 34 ലക്ഷം സമോസകളാണ് സ്വിഗ്ഗി വഴി കഴിഞ്ഞ വർഷം വൈകുന്നേരങ്ങളിൽ വിതരണം ചെയ്തത്. കൂട്ടിന് 29 ലക്ഷം കപ്പ് ഇഞ്ചി ചായയും ഓർഡർ ചെയ്യപ്പെട്ടു.
