ജനങ്ങളോട് ഉത്തരവാദിത്തം ആർക്ക്?; ഗവർണർ-സർക്കാർ പോരിൽ ചില ചിന്തകൾ

  1. Home
  2. Editor's Pick

ജനങ്ങളോട് ഉത്തരവാദിത്തം ആർക്ക്?; ഗവർണർ-സർക്കാർ പോരിൽ ചില ചിന്തകൾ

governor


ചന്ദ്രകാന്ത് പി ടി

എന്തൊക്കെ പറഞ്ഞാലും ഭരണം മുന്നോട്ടു സുഗമമായി കൊണ്ട് പോകേണ്ടത് നിലവിലെ ഭരണകർത്താക്കളുടെ ആവശ്യമാണ്. ഗവർണറെ സംബന്ധിച്ചു കേരളം എങ്ങിനെ പോയാലും അദ്ദേഹത്തിനൊന്നുമില്ല. ജനങ്ങൾ തിരഞ്ഞെടുത്തതാണ് ഈ സർക്കാരിനെ. അതുകൊണ്ട് തന്നെ 'ഈഗോക്ക് ' അപ്പുറം 'സ്റ്റേറ്റ് മാൻഷിപ്പോടെ' മുന്നോട്ട് നീങ്ങിയാലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിക്കും ചെയ്യാൻ കഴിയുകയുള്ളു. 

ഭരണഘടനക്ക് വിധേയമായി, മന്ത്രിസഭ ഉപദേശിക്കുന്നതുപോലെ മാത്രമേ പ്രവർത്തിക്കാൻ ഗവർണർക്ക് സാധിക്കു എന്നൊക്കെ ഭരണഘടന ഉദ്ധരിച്ചു നമുക്ക് പറയാം. എന്നാൽ ഓർഡിനൻസുകളിലും ബില്ലുകളിലും ഒപ്പിടാതെ അല്ലെങ്കിൽ ഒരു തീരുമാനവും എടുക്കാതെ ഗവർണർ ഫയൽ കൈയിൽ വച്ചാൽ പെട്ടു. ഭരണഘടനയുടെ 'അന്തസത്ത' എന്നൊക്ക പറയാം എന്നേയുള്ളു. ഗവർണരുടെ അത്തരം നടപടികളെ സപ്പോർട്ട് ചെയ്യുന്ന കേന്ദ്ര ഭരണവും സപ്പോർട്ടിങ് സിസ്റ്റവും ഉള്ളപ്പോൾ ഇതൊക്കെ പറയാമെന്നേയുള്ളു. ഇപ്പോൾ തന്നെ സർവകലാശാലകളെ സംബന്ധിച്ചു  സംസ്ഥാന സർക്കാരുകൾ നിർമിക്കുന്ന നിയമത്തെ മറികടക്കാൻ ഉള്ള കപ്പാസിറ്റി ഒറ്റ വിധിയിലൂടെ ആരും അറിയാതെ യുജിസിക്ക് കൈ വന്നിരിക്കുന്നു.  'ഓണാഘോഷത്തിന് ' ഗവർണറെ ക്ഷണിക്കുക, 'വിദേശയാത്രക്ക്' മുൻപ് ഒന്നു കണ്ടു പറയുക എന്നതൊക്കെ ഭരണഘടനയിൽ കാണില്ല, എന്നാൽ ഊഷ്മളമായ ബന്ധത്തിന് അതൊക്കെ നല്ലതാണ്. ഗവർണർ വിളിച്ചിട്ട് മുഖ്യമന്ത്രി ഫോൺ എടുത്തില്ല, തിരിച്ചു വിളിച്ചില്ല എന്നൊക്കെ ഗവർണർക്ക് പൊതുമധ്യത്തിൽ പറയേണ്ട ഇടവരാൻ പാടില്ലായിരുന്നു.

രാജീവ്ഗാന്ധി വധത്തിൽ ശിക്ഷിക്കപ്പെട്ടു ജയിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്ന പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട കേസിൽ 'ഗവണ്ണർക്ക് വ്യക്തിപരമായി ഇഷ്ട്ടമുണ്ടെങ്കിലും  ഇല്ലെങ്കിലും മന്ത്രി സഭ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്' എന്ന് സുപ്രിം കോടതി പറയുന്നു. Remission case ൽ ആർട്ടിക്കിൾ 142 പ്രകാരം ഗവർണ്ണരുടെ ഉത്തരവാദിത്വം സ്വയം എടുക്കുക എന്ന അപൂർവ്വ ദൗത്യം ഏറ്റെടുത്തുകൊണ്ട് 30 കൊല്ലമായി ശിക്ഷ അനുഭവിച്ചു വന്നിരുന്ന ആറു പേരെയും വിട്ടയക്കുക എന്ന തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനം കോടതി നടപ്പാക്കുകയാണ് ചെയ്തത്.

ഇതൊക്കെ നടന്നിട്ടും ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റികൊണ്ടുള്ള നിയമസഭകൾ പാസ്സാക്കിയ ബില്ലുകൾ ഇപ്പോഴും രാജസ്ഥാൻ തമിഴ്‌നാട് ഉൾപ്പെടെ ഉള്ള സംസ്ഥാന ഗവർണർമാരുടെ മേശപ്പുറത്തു 'ബോധം കെട്ടു' കിടക്കുകയാണ്. അപ്പോൾ എന്തുചെയ്യും. ബിജെപി ഇതര സംസ്ഥാങ്ങളിൽ എല്ലാം ഇത്തരം ആട്ടിമറികൾ നടക്കുന്നുണ്ട്. സഭകൾ പാസാക്കിയ ബില്ലുകൾ പോലും ഇത്തരത്തിൽ ആട്ടിമറിക്കപ്പെടുന്നുണ്ട്. ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റ് അല്ല എന്നാണ് നിയമനിർമ്മാണ സഭയിൽ ഡോ ബിആർ അംബേക്കർ പറഞ്ഞത്. 

എന്നാൽ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള 'പാലമായി' അതിനെ സംസ്ഥാന ഭരണകർത്താക്കൾക്ക് ഉപയോഗിക്കാം. കോടതികളുടെ ഇരട്ടത്താപ്പ് മനസിലാക്കാതെ അമിതാവേശം കാണിച്ചതാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ. അത്തരം ഉത്തരവ് നടപ്പാക്കുമ്പോൾ 'പോലീസിങ് ' എന്നതിനപ്പുറം ചർച്ചകൾക്കും സമവായങ്ങൾക്കുമായിരുന്നു  സർക്കാർ മുൻകൈ എടുക്കേണ്ടിയിരുന്നത്. എല്ലാ ആൾക്കാരെയും ഉൾക്കൊണ്ട് കൊണ്ടേ അതൊക്കെ നടപ്പാക്കാൻ കഴിയൂ. ആദ്യം സപ്പോർട്ട് ചെയ്ത സംഘപരിവാർ തന്നെ സർക്കാരിന്റെ aggressive approach കണ്ട്,  അവർ കഷ്ടപ്പെട്ട് 10 വർഷം കേസ് നടത്തി നേടിയെടുത്ത വിധിയുടെ ആനുകുല്യം സിപിഎം ഉം പിണറായിയും കൊണ്ടുപോകും എന്നു മനസിലാക്കി വിധിയെ തന്നെ എതിർത്തുകൊണ്ട് മുന്നോട്ടു വന്നു. അവസാനം ഉത്തരവിട്ട സുപ്രിം കോടതിതന്നെ സ്വന്തം വിധിയെ എടുത്ത് cold storage ൽ വക്കുന്നതും നമ്മൾ കണ്ടതാണ് . ഇതു പണ്ടത്തെ കാലമല്ല ഒരു വിധിയെവച്ചു എല്ലാറ്റിനെയും അതുകൊണ്ട് അളക്കുക ഇക്കാലത്ത് സാധ്യമല്ല. 

ഗവർണർക്ക് ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്വമില്ല. മന്ത്രിസഭക്കാണ് ആ ഉത്തരവാദിത്വം. നിലവിലെ ഇന്ത്യൻ വ്യവസ്ഥയിൽ ഗവർണറുടെ സപ്പോർട്ട് ഇല്ലാതെ സംസ്ഥാന മന്ത്രി സഭക്ക് ഭരണം അവർ വിചാരിക്കുന്നതുപോലെ നടത്തികൊണ്ട് പോകാൻ കഴിയില്ല. സുഗമമായ ഭരണമാണ്  നാടിനും ജനങ്ങൾക്കും നല്ലത്. അത് ഉറപ്പു വരുത്തുക എന്നത് നിലവിൽ ഇടതുപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്വമാണ്. അവർ അതു നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.