തരൂരിനെതിരെ കോൺഗ്രസിൽ ഉയരുന്ന മുടന്തൻ ന്യായങ്ങളിലെ വാസ്തവമെന്ത്; ഒരു കുറിപ്പ്

  1. Home
  2. Editor's Pick

തരൂരിനെതിരെ കോൺഗ്രസിൽ ഉയരുന്ന മുടന്തൻ ന്യായങ്ങളിലെ വാസ്തവമെന്ത്; ഒരു കുറിപ്പ്

sasi


ചന്ദ്രകാന്ത് പി ടി

ശശി തരൂരിനെ എതിർത്തുകൊണ്ട് ഒരുപാട് കോൺഗ്രസ്സുകാർ ഫേസ്ബുക്കിൽ  നിറഞ്ഞാടുന്നുണ്ട്. പുള്ളിക്ക് രാഷ്ട്രീയ- സംഘടനാ പരിചയമില്ല എന്നതാണ് അവരുടെ വാദം. അരവിന്ദ് കെജരിവാളിന് എഎപി തുടങ്ങുന്നതിനു മുൻപ് ഒരു സ്റ്റുഡൻസ് യൂണിയന്റെ പോലും നേതൃത്വമോ എന്തിനു ആക്റ്റീവ് മെമ്പർഷിപ്പോ പോലും ഉണ്ടായിരുന്നില്ല. അവരുടെ അണികൾ ഏറെക്കുറെ so called 'അരാഷ്ട്രീയ വാദികളും'  രാഷ്ട്രീയ മുൻ പരിചയം തീരെ ഇല്ലാത്ത് കമ്മി ആയവരും ആയിരുന്നു. എന്നിട്ടും ഇന്ന് മോദിയെ അവരുടെ തട്ടകത്തിൽ ചെന്ന് നേരിട്ട് വെല്ലുവിളിക്കാൻ അവർക്കുള്ള ധൈര്യം സമകാലീന ഇന്ത്യയിൽ കോൺഗ്രസ്സ് ഉൾപ്പെടെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കുമില്ല എന്നോർക്കണം. ഗുജറാത്തിൽ ഗജരിവാൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സാക്ഷാൽ മോദി തന്നെ നേരിട്ടു door to door ക്യാമ്പയിൻ നടത്താൻ പോകുന്നു. 

പാർട്ടിക്കുള്ളിലെ എതിരാളികൾ ശശി തരൂരിനെതിരെ ഉയർത്തുന്ന ഏറ്റവും വലിയ ആരോപണം അദ്ദേഹം താഴെ തട്ടിൽ പ്രവർത്തിച്ചിട്ടില്ല എന്നതാണ്. അതായത് പതിവ് രാഷ്ട്രീയക്കാരെ പോലെ കൊടി പിടിക്കാനും ബസിനു കല്ലെറിയാനും പോയിട്ടില്ല എന്ന്. ഒറ്റനോട്ടത്തിൽ ശരിയെന്ന് തോന്നാം. പക്ഷേ ആ ന്യായം വച്ച് നോക്കിയാൽ മൻമോഹൻ സിങ്ങിനെ കോൺഗ്രസ് എന്തിന് പ്രധാനമന്ത്രിയാക്കി എന്നതിനും പാർട്ടിയിലെ തരൂർ വിരോധികൾ സമാധാനം പറയണം. പൈലറ്റായിരുന്ന രാജീവ് ഗാന്ധി ഒരു സുപ്രഭാതത്തിൽ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയി എന്നതിനും ഉത്തരം വേണം. ഇനി രാജ്യാന്തര തലത്തിൽ നോക്കുമ്പോൾ ഏഴു വർഷം മുമ്പ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പ്രഫഷനൽ മാത്രമായിരുന്ന റിഷി സുനക് ഇപ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. അരനൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടനെ നയിക്കാൻ അവർ തിരഞ്ഞെടുത്തത് ദൈനം ദിന രാഷ്ട്രീയത്തിന്റെ മെയ് വഴക്കത്തേക്കാൾ ഒരു ധനകാര്യ വിദഗ്ധന്റെ പ്രഫഷനലിസത്തെയാണ്. അപ്പോൾ ഇതൊന്നും അറിയാഞ്ഞല്ല കോൺഗ്രസിൽ ചിലർ മുറുമുറുക്കുന്നത്. കാത്തിരിക്കുന്ന അപ്പ കഷണങ്ങൾ ശശി തരുരിന്റെ അണ്ണാക്കിലേക്ക് പോകുമോ എന്ന പേടി മാത്രം. അതിന് മരുന്ന് വേറേ വേണം

പണ്ടത്തെപോലെ രാഷ്ട്രീയ പാരമ്പര്യ വാദികളുടെ കാലം കഴിഞ്ഞു.  ലോകം മുഴുവനും അത്തരത്തിൽ മാറിയത് കാണാം. അതുവച്ചു നോക്കുമ്പോൾ ഇന്ത്യൻ യുവത്വത്തിനെ മാത്രമല്ല അതിലൂടെ മുതിർന്ന അംഗങ്ങളെ സ്വാധീനിക്കാൻ തരൂരിനെപോലെ കഴിവുള്ള ഒരാൾ പ്രതിപക്ഷത്തു വേറെ ഇല്ലതന്നെ. അതു തിരിച്ചറിയാൻ കഴിയാത്ത 'ക്ലാവ് ' പിടിച്ച മനസുള്ള നേതാക്കളെ കാലം നിഷ്‌കരുണം തള്ളികളയും. ഇനിയും ഒരു മമത ബാനർജിയെ, ഒരു ജഗ് മോഹനെ അവരുടെ  സ്രേണിയിലേക്ക് കേരളത്തിൽ നിന്നും ഒരാളെ കൂടെ ചേർക്കുന്ന പതിവ് കലാപരിപാടി തുടരുന്നത് 'ഞങ്ങൾക്ക് ശേഷം പ്രളയം' എന്ന മനസ്സുള്ളവരാണ്. അവരുടെ കാര്യം പോക്കാണ്. അതു കോൺഗ്രസിനോട് ചെയ്യുന്ന ചതിയാണ്.

കൈയിൽ ഉള്ള ആയുധം കൃത്യമായി എങ്ങിനെ ഉപയോഗിക്കണം എന്ന് അറിയാത്ത നേതൃത്വമാണ് കേരളത്തിലും പ്രത്യേകിച്ച് എഐസിസി യിലുമുള്ളത്. 'ശശി തരൂർ' കോൺഗ്രെസ്സിന് അനുകൂലമായി അഖിലേന്ത്യാടിസ്ഥാനത്തിലും കേരളത്തിലും ഉപയോഗിക്കാൻ പറ്റിയ ആയുധമാണ്. അദ്ദേഹത്തിന് സംഘടനാ പരിചയം കുറവായിരിക്കാം ഒരുപക്ഷെ ഇല്ല എന്നു തന്നെ പറയാം. എന്നാൽ സംഘടനാ പരിചയം ആവോളമുള്ള നേതാക്കൾ സംഘടനയെ കൃത്യമായി ചലിപ്പിക്കുകയും ഒപ്പം ശശി തരൂരിനെപോലെ എതിർ ചേരിയിൽ ഉള്ളവരിൽ പോലും മതിപ്പുളവാക്കുന്ന അസാമാന്യ പ്രതിഭകളെ മുന്നിൽ നിർത്തുകയുമാണ് വേണ്ടത്.

എഐസിസി എക്കാലത്തും ഒരു 'കൊക്കസിന്റെ' പിടിയിലായിരുന്നു. സത്യത്തിൽ അത്തരം സ്ഥാപിത താൽപര്യക്കാരായ കൊക്കസ് കാരണമാണ് 'മമത ബാനർജി ' കോൺഗ്രസ്സ് വിട്ടുപോയത്, ആന്ധ്രയിൽ 'ജഗൻമോഹനെ' പുറത്താക്കിയത് ഒപ്പം യുപിഎ സർക്കാർ സിബിഐ യെ ഉപയോഗിച്ച് അദ്ദേഹത്തെ ജയിൽ അഴിക്കുള്ളിൽ ആക്കിയത്. ഒരു പരിധിവരെ ശരത് പവാറിന്റെ പിരിഞ്ഞു പോകലിനും കാരണം ഈ കോക്കസ് ആണ്. ഈ മൂന്ന് പേരും ഒരുപാട് പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടും ബിജെപിയിൽ ചേർന്നിട്ടില്ല എന്നുകൂടെ ഓർക്കണം. 80 തിനടുത്ത് ലോക്സഭാ സീറ്റുകൾ അവരുടെ കൈയിൽ ഇപ്പോഴും സുരക്ഷിതമാണ്. യഥാർത്ഥത്തിൽ കോൺഗ്രസിനെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത് ഈ കാരണങ്ങൾ ആണ്.

ശശിതരൂരിനെ കൂടെ പുറത്തു ചാടിക്കാൻ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ കോക്കസ് ശ്രമിക്കുന്നു എന്നതാണ് സമകാലീന സംഭവങ്ങൾ വെളിവാക്കുന്നത്. കോൺഗ്രസ്സിൽ ഇപ്പോഴും അവശേഷിക്കുന്ന ആൾക്കാർക്ക് അപ്പുറം ഒരു മാസ് ജനകീയ മുഖം ഉണ്ടാകേണ്ടത് തിരിച്ചുവരവിന് അനിവാര്യമാണ്. ഗുജറാത്ത്, ഹിമാചൽ എന്നീ ഇളക്ഷനുകളിൽ നിന്നും തരൂറിനെ ഒഴിവാക്കിയത്, ഇപ്പോൾ കേരളത്തിൽ പ്രാദേശിക നേതൃത്വം തരൂരിന് 'വാണിങ് ' പിന്നെ ബഹിഷ്‌കരണം തുടങ്ങിയ കലാപരിപാടികളിൽ ഏർപ്പെടുന്നത് ഒക്കെ ആരെ രക്ഷിക്കാൻ ആണെന്ന് സ്വയം വിലയിരുത്തണം. തരൂർ 'വീർപ്പിച്ചു കെട്ടിയ ബലൂൺ' ആണ് എന്നൊക്ക പറയുന്നത് പൊതുജനം കാണുന്നുണ്ട്, കേൾക്കുന്നുണ്ട് എന്നെങ്കിലും ഓർക്കണം. 'സത്യത്തിൽ മനസിലാകുന്നില്ല നിങ്ങളെ '.