വിശന്നു വെയിൽ തിന്നു വന്ന വി കെ എൻ; ഒരു ഓർമ്മക്കുറിപ്പ്

  1. Home
  2. Editor's Pick

വിശന്നു വെയിൽ തിന്നു വന്ന വി കെ എൻ; ഒരു ഓർമ്മക്കുറിപ്പ്

vkn


കെ.സി.മധു


(ഒരിക്കൽ മലയാളനാട് സാഹിത്യ വരിക സന്ദർശിച്ച വേളയിൽ വികെഎന്നുമായുണ്ടായ പ്രത്യേക അനുഭവത്തെക്കുറിച്ചു മുതിർന്ന പത്രപ്രവർത്തകനായ കെ.സി.മധു എഴുതുന്നു.)  


ഇന്ന് വികെഎൻറെ ചരമദിനമാണ്.
ആ മഹാസാഹിത്യകാരന്റെ ഓർമ്മക്ക് മുന്നിൽ ഒരു കുടന്ന സ്‌നേഹ പൂക്കൾ സമർപ്പിച്ചുകൊണ്ട് ഒരനുഭവം എഴുതട്ടെ. അന്ന് മലയാള നാട് വാരികയിൽ എന്റെ പരിശീലന കാലമായിരുന്നു. അക്കാലത്ത് മലയാളത്തിലെ ഒട്ടു മിക്ക സാഹിത്യകാരന്മാർക്കും മലയാള നാട് സ്വന്തം വീട് പോലെ സ്വാതന്ത്ര്യമുള്ള ഒരിടമായിരുന്നു. പലർക്കും വടക്കു നിന്നും തെക്കോട്ടുള്ള യാത്രയിൽ കൊല്ലം ഒരു ഇടത്താവളമായിരുന്നു. ഒ.വി.വിജയനും ,തകഴിയും, മുകുന്ദനും, വയലാർ രാമവർമയും, മലയാറ്റൂരുമൊക്കെ സ്ഥിരം സന്ദർശകർ. 

ഒരിക്കൽ അപ്രതീക്ഷിതമായി വി കെ എൻ മലയാളനാട്ടിലെത്തിയ സന്ദർഭമാണ് ഓർമ്മയിൽ. മകരം കുംഭമാസക്കാലത്തായിരുന്നു ആ വരവ് . നട്ടുച്ച നേരം, പുറത്തു വെയിൽ നിന്ന് കത്തുകയാണ്. വെയിലിടങ്ങളെ വകഞ്ഞു ഒരഭ്യാസിയെപ്പോലെ നീണ്ട നടവഴി കടന്ന് അദ്ദേഹം ഓഫീസിലെത്തി. പത്രാധിപ സമതിയിലുള്ള ആരുമേ അപ്പോൾ ഓഫീസിലില്ല. അദ്ദേഹത്തെ അറിയുന്നത് ഞാൻ മാത്രം. ആരാധനയോടെ ഞാനദ്ദേഹത്തെ സ്വീകരിച്ചു. ഉച്ച സമയമായതുകൊണ്ട് ഉപചാരപൂർവ്വം ഭക്ഷണത്തെക്കുറിച്ചായിരുന്നു എന്റെ അന്വേഷണം. എന്താ കിട്ടുകയെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. ഓഫീസ് അസിസ്റ്റന്റ് കലാം എന്റെ സഹായത്തിനെത്തി. ഊണ് കിട്ടുക പ്രയാസമാണെന്നും പൊറോട്ട കിട്ടുമെന്നുമാണ് കലാം  പറഞ്ഞത്. എത്ര വേണമെന്നന്വേഷിച്ചു കലാം എന്നെ നോക്കി. 

'അത്ര വലുപ്പമുള്ളതല്ലെങ്കിൽ പത്തെണ്ണം വാങ്ങിക്കോളൂ. നല്ലതാണെങ്കിൽ അജമാംസമായിക്കോട്ടെ രണ്ടു പ്ലേറ്റ്.'
എന്നെ ഒഴിവാക്കി നേരിട്ടിടപെട്ട് വി കെ എൻ തന്നെ കലാമിന്റെ സംശയത്തിന് നിവർത്തിയുണ്ടാക്കി. അദ്ദേഹത്തിൻറെ ഭക്ഷണപ്രിയരായ കഥാപാത്രങ്ങളാണ് എന്റെ മനസ്സിലോടിയെത്തിയത്. കേണൽ രേണുവിന്റെ വീട്ടിലെത്തിയ വിശപ്പിന്റെ ആൾരൂപമായ പയ്യനെയാണ് അപ്പോൾ ഞാൻ വികെഎന്നിൽ കണ്ടത്. 

വളരെ ചെറിയ ഇടവേളക്കുള്ളിൽ കലാം പുറത്തുപോയി ഭക്ഷണവുമായെത്തി.  സംഭവമത്രയും അദ്ദേഹം കൃത്യ സമയത്തിനുള്ളിൽ തീർത്ത് വെടിപ്പാക്കി. അതിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ആരാധനയോടെ ഞാനത് നോക്കികാണുകയായിരുന്നു. ഭക്ഷണശേഷം മുതലാളിയെ(എസ് കെ നായർ)  കാത്ത് വരാന്തയിലിരുന്നു മയക്കവുമാരംഭിച്ചു.