പാർട്ടി പ്രവർത്തകരുടെ പ്രഷറിന്റെ 'സേഫ്റ്റി വാൽവ്' ആയി പ്രവർത്തിക്കുകയാണ് പിവി അൻവർ...; ഇത് സമകാലീന ഇടതു രാഷ്ട്രീയത്തിലെ മാറ്റം

  1. Home
  2. Editor's Pick

പാർട്ടി പ്രവർത്തകരുടെ പ്രഷറിന്റെ 'സേഫ്റ്റി വാൽവ്' ആയി പ്രവർത്തിക്കുകയാണ് പിവി അൻവർ...; ഇത് സമകാലീന ഇടതു രാഷ്ട്രീയത്തിലെ മാറ്റം

pv anwar


പി ടി ചന്ദ്രകാന്ത്

പിവി അൻവർ എംഎൽഎ ഉയർത്തുന്ന രാഷ്ട്രീയത്തിന് എന്തുകൊണ്ട് സിപിഎം അണികൾക്കിടയിൽ വിശ്വാസ്യത കിട്ടുന്നു എന്നത് സമകാലീന ഇടതു രാഷ്ട്രീയത്തിലെ മാറ്റത്തെയാണ് കാണിക്കുന്നത്. 'എല്ലാമുണ്ട് എന്നാൽ എന്തിന്റെയോ ഒരു കുറവ് എന്ന യഥാർഥ്യം' സിപിഎം പാർട്ടി പ്രവർത്തകരെ തന്നെ അലട്ടുന്ന ഒന്നാണ്. 

ഫീൽഡിൽ പ്രവർത്തിക്കുന്ന ഒരു പ്രവർത്തകൻ അനുഭവിക്കുന്ന നോവുകളെയാണ് പിവി അൻവർ വിളിച്ചു പറയുന്നത്. പ്രവർത്തകർക്ക് പ്രത്യേകിച്ചും പാർട്ടി മെമ്പർമാർക്ക് ഇതൊക്കെ വിളിച്ചു പറയാൻ ലിമിറ്റേഷൻ ഉണ്ട്. അതാത് ഘടകങ്ങളിൽ പറയാനേ പറ്റു. അതിനു വേണ്ടത്ര പരിഗണന കിട്ടണം എന്ന് നിബന്ധവുമില്ല. അതൊക്കെ ഒരു വിങ്ങലായി പ്രവർത്തകരുടെ ഹൃദയത്തിൽ രൂപം കൊള്ളുന്നു. അതിന്റെ ബഹിർഗമനമാണ് പാർട്ടി മെമ്പർ എന്ന ചട്ടക്കൂടിൽ തളച്ചിടാത്ത പിവി അൻവറിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്.  

ഇത്തരം വിളിച്ചു പറയലുകളിലൂടെ പാർട്ടിക്കകത്തു ചോദ്യം ചെയ്യപ്പെടാത്ത അധികാര ചിന്തകൾക്ക് മാറ്റം ഉണ്ടാകും. അത് അനിവാര്യമാണ്. പാർട്ടി ഇരുമ്പു മറക്ക് അപ്പുറം ഒരു ജനതയുണ്ട് അവരോടൊപ്പം ഇന്ന് ജീവിക്കുന്നവന്റെ അവസ്ഥയാണ് പിവി അൻവർ അശേഷം പേടിയില്ലാതെ എന്നാൽ വർഗ്ഗ ശത്രുക്കൾക്കും വലതുപക്ഷ മീഡിയ സംസ്‌കാരത്തിനും മുതലെടുക്കാൻ അവസരം നൽകാതെ അവതരിപ്പിച്ചത്. സത്യത്തിൽ പാർട്ടി പ്രവർത്തകർ പറയുന്ന ഒന്നിനും ഭരണത്തിൽ വേണ്ടത്ര മുൻഗണ കിട്ടാറില്ല.

ഇടത് എംഎൽഎമാർക്ക് പോലും ഇതാണ് അവസ്ഥ അപ്പോൾ സാധാരണ പ്രവർത്തകന്റെ കാര്യം പറയണ്ടല്ലോ. ഭരണം പാർട്ടി പ്രവർത്തകർക്കു അപ്രപ്യമായ ഒരിടമായി മാറുന്നു. ഭരണത്തിൽ നിന്നുണ്ടാകുന്ന പലതരത്തിലുള്ള അപ്രീതിയുടെ പ്രതിധ്വനി തെരുവിൽ നേരിട്ടനുഭവിക്കുന്നവന്റെ വേദന അല്പം കടുപ്പമുള്ളതാണ്. മറ്റൊരു വഴിയും അവന്റെ മുന്നിലില്ല. പിവി അൻവർ പറഞ്ഞതുപോലെ അനുഭാവികളിൽ നല്ലൊരു ശതമാനവും മറ്റു ഇടങ്ങളിൽ ചേക്കേറുന്നു. ചില നേതാക്കൾ പണമുണ്ടാക്കുന്നു എന്ന ആക്ഷേപം ഉണ്ടെങ്കിലും 90 ശതമാനം പ്രവർത്തകരും പാർട്ടിയിൽ വിശ്വസിച്ചു മാത്രം പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്. 

സമൂഹത്തിൽ അവർ കാണുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന കാര്യങ്ങളെ ഭരണത്തിന്റെ ശ്രദ്ധയിൽ എത്തിക്കൽ എന്നത് അസാധ്യമായ ഒന്നായി തീരുന്നു. ഭരണത്തിനും പാർട്ടിക്കുമിടയിലെ പാലമാണ് പൊളിറ്റിക്കൽ സെക്രട്ടറി എന്ന സ്ഥാനം. പിവി അൻവർ പറയുംപോലെ കാണുമ്പോൾ ഒക്കെ 'എല്ലാം ശരിയാക്കാം' എന്നുള്ള സമാധാന വാക്കുകൾക്ക് അപ്പുറം ആത്മാർഥത ഇല്ലാതായാൽ പൊട്ടിത്തെറിക്കാതെ മറ്റെന്തുണ്ട് മാർഗ്ഗം. സത്യത്തിൽ പാർട്ടി പ്രവർത്തകരുടെ പ്രഷറിന്റെ 'സേഫ്റ്റി വാൽവ് 'ആയി പ്രവർത്തിക്കുകയാണ് പിവി അൻവർ എന്ന എംഎൽഎ. അതുകൊണ്ടാണ് പിവി അൻവറെ എതിർത്തുകൊണ്ട് ഒരു പാർട്ടി പ്രവർത്തകരും മുന്നോട്ടു വരാത്തതും,  ഇത്രയും വെല്ലുവിളി ഉയർത്തിയിട്ടും മനസുകൊണ്ട് പ്രവർത്തകരും പാർട്ടി ഉന്നത നേതാക്കളും അൻവറിനോടൊപ്പം നിലകൊള്ളുന്നത് എന്നുവേണം മനസിലാക്കാൻ.