കഴിയാത്ത വസന്തകാലത്തിൽ..; മനസ്സിൽ നിന്നൊരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത ഒരു പഴയ ജനുവരി 23; കുറിപ്പ്

  1. Home
  2. Entertainment

കഴിയാത്ത വസന്തകാലത്തിൽ..; മനസ്സിൽ നിന്നൊരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത ഒരു പഴയ ജനുവരി 23; കുറിപ്പ്

padmarajan


'പിറകോട്ടു ചീകിയൊതുക്കിയ ചുരുണ്ട തലമുടി, പറ്റിച്ചുവെച്ചതുപോലെയുള്ള കൊച്ചെലി വാലൻ മീശ, മുട്ടിനു മുകളിൽ കൈ ചുരുട്ടി വെച്ച ഇൻസെർട്ടു ചെയ്ത വെളുത്ത ടെറികോട്ടൺ ഷർട്ട്... തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിന്റെ സ്റ്റേജിലേക്കുള്ള പടികൾ ചുറുചുറുക്കോടെ ചാടിക്കയറിപ്പോകുന്ന പത്മരാജൻ ചേട്ടന്റെ യുവത്വം പ്രസരിക്കുന്ന രൂപം പഴയ ഒൻപതുകാരന്റെ മനസ്സിലിപ്പോഴുമുണ്ട്.' ബൈജു ചന്ദ്രൻ എഴുതുന്നു.

'മനസ്സിൽ നിന്നൊരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത ഒരു പഴയ ജനുവരി 23 നെ കുറിച്ചുള്ള ഈ ഓർമ്മ കുറേനാളുകൾക്ക് മുമ്പ് എഴുതിയതാണ്.' 


കുറിപ്പ് പൂർണരൂപം 

മനസ്സിൽ നിന്നൊരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത ഒരു പഴയ ജനുവരി 23 നെ കുറിച്ചുള്ള ഈ ഓർമ്മ കുറേനാളുകൾക്ക് മുമ്പ് എഴുതിയതാണ്.ഒരിക്കൽ കൂടി
വായിക്കാൻ താല്പര്യമുണ്ടെങ്കിൽ.....

കഴിയാത്ത വസന്തകാലത്തിൽ

ആധുനിക മലയാള സാഹിത്യം അരങ്ങു തകർക്കുന്ന 1960കളുടെ അവസാനം. ആയിടെ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് ആസ്ഥാനം മാറിയ കേരളശബ്ദം-കുങ്കുമം വാരികകളുടെ ഓഫീസാണ് രംഗം. പ്രസിദ്ധീകരണത്തിന് കിട്ടിയ ഒരു ലഘുനോവൽ വായിച്ചുനോക്കിയ കുങ്കുമം വാരികയുടെ പത്രാധിപ സമിതി മാറ്റർ മാറ്റി വെച്ചു.

പുതിയ തലമുറയിൽ പെട്ട ശ്രദ്ധേയനായ ഒരു ചെറുകഥാകൃത്തിന്റെ ആദ്യ നോവലാണ്. അൽപ്പം സ്‌ഫോടനാത്മകം. കുടുംബവാരികയായ 'കുങ്കുമ'ത്തിന്റെ വായനക്കാർക്ക് രുചിക്കാൻ സാധ്യതയില്ലാത്ത ഒന്ന്. ഭർതൃമതിയായ ഒരു യുവതിയോട് ഒരു കൗമാര പ്രായക്കാരന് തോന്നുന്ന ലൈംഗികാസക്തിയും തുടർന്നുള്ള ദുരന്ത പര്യവസായിയായ സംഭവ വികാസങ്ങളും.

മാറ്റർ വായിച്ച 'കേരളശബ്ദ'ത്തിന്റെ പത്രാധിപർ കെ എസ് ചന്ദ്രൻ, അതിന്റെ മുകളിൽ എഴുത്തുകാരൻ കുറിച്ചിട്ട 'പാമ്പ് ' എന്ന ടൈറ്റിൽ വെട്ടി അവിടെ ഇങ്ങനെ എഴുതിച്ചേർത്തു :'രതിനിർവേദം '

അടുത്ത ഒരു ലക്കം കേരളശബ്ദത്തിൽ 'രതിനിർവേദം' പ്രസിദ്ധീകരണമാരംഭിച്ചു. എം ടി യുടെ 'കാലം', എം മുകുന്ദന്റെ 'ഡൽഹി ', കാക്കനാടന്റെ 'ഏഴാം മുദ്ര 'എന്നിവയ്ക്കു ശേഷം കേരളശബ്ദം വായനക്കാരുടെ മുൻ പിലെത്തിച്ച 'ര തിനിർവേദം'പി പത്മരാജൻ എന്ന ഇരുപത്തിയഞ്ചു തികയാത്ത എഴുത്തുകാരനെ ആധുനിക മലയാള സാഹിത്യത്തിന്റെ അമരക്കാരുടെ നിരയിലേക്ക് ആഘോഷപൂർവം കൈപിടിച്ചുയർത്തി.

പിറകോട്ടു ചീകിയൊതുക്കിയ ചുരുണ്ട തലമുടി, പറ്റിച്ചുവെച്ചതുപോലെയുള്ള കൊച്ചെലി വാലൻ മീശ, മുട്ടിനു മുകളിൽ കൈ ചുരുട്ടി വെച്ച ഇൻസെർട്ടു ചെയ്ത വെളുത്ത ടെറികോട്ടൺ ഷർട്ട്... തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിന്റെ സ്റ്റേജിലേക്കുള്ള പടികൾ ചുറുചുറുക്കോടെ ചാടിക്കയറിപ്പോകുന്ന പത്മരാജൻ ചേട്ടന്റെ യുവത്വം പ്രസരിക്കുന്ന രൂപം പഴയ ഒൻപതുകാരന്റെ മനസ്സിലിപ്പോഴുമുണ്ട്.

വർഷം 1970.ആദ്യത്തെ കുങ്കുമം സാഹിത്യപുരസ്‌കാരദാന ചടങ്ങാണ്. ഇന്നത്തേതുപോലെ എണ്ണമറ്റ സാഹിത്യ പുരസ്‌കാരങ്ങളൊന്നുമില്ലല്ലോ അന്ന്. അതുകൊണ്ട് സാഹിത്യ അക്കാദമി അവാർഡിന് തൊട്ടു പിന്നാലെയുള്ള സ്ഥാനമായിരുന്നു കുങ്കുമം അവാർഡിന്. കൈനിക്കര കുമാരപിള്ള, പി കെ പരമേശ്വരൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ,കുങ്കുമം പത്രാധിപർ വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരോടൊപ്പം എന്റെ അച്ഛൻ കെ എസ് ചന്ദ്രനും ജൂറി അംഗമായിരുന്നു. പി വത്സലയുടെ 'നെല്ലി'നാണ് അവാർഡ് ലഭിച്ചത്.രണ്ടാം സമ്മാനം പത്മരാജന്റെ 'നക്ഷത്രങ്ങളേ കാവലി'നും അതുവരെ ആരും കൈകാര്യം ചെയ്യാത്ത പ്രമേയം, തീർത്തും അപരിചിതമായ പ്രമേയപരിസരം, വ്യത്യസ്തമായ സംഭാഷണ ഭാഷ ... ഇതൊക്കെയായിരിക്കണം 'നെല്ലി'നെ അവാർഡിനർഹമാക്കിയത്.

എന്നാൽ വായനക്കാർക്കിടയിൽ കൂടുതൽ പ്രീതി നേടിയത് തീർച്ചയായും പത്മരാജന്റെ ആദ്യത്തെ പൂർണ്ണ നോവലായ 'നക്ഷത്രങ്ങളേ കാവൽ' തന്നെയായിരുന്നു. മലയാറ്റൂരും അച്ഛനു മൊക്കെ അതിനു അവാർഡ് കൊടുക്കണമെന്ന് ശക്തിയായി വാദിച്ചതായി കേട്ടിട്ടുണ്ട്.അക്കാലത്തു് തിരുവനന്തപുരത്തു കാർക്ക് നന്നായി അറിയാവുന്ന, ഇവിടുത്തെ ഗോസ്സിപ്പുകളിലെ നായകനുമൊ
ക്കെയായിരുന്ന മാധവൻ തമ്പിയുടെ (നടി രാഗിണിയുടെ ഭർത്താവ് ) ഛായ ഒരുപാടുണ്ടായിരുന്ന കഥാപാത്രമായിരുന്നു പ്രഭു എന്ന മുടിയനായ പുത്രൻ.

കുങ്കുമത്തിൽ ഒരേ കാലത്തു രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചു വന്നു. 'നെല്ല് 'വായിക്കാൻ ഞാൻ കുറേ ശ്രമം നടത്തി നോക്കിയെങ്കിലും മുന്നോട്ടു പോകാൻ കഴിയുന്നുണ്ടായിരുന്നില്ല . അന്ന് സീരിയലൈസ് ചെയ്തുകൊണ്ടിരുന്ന 'ഒരു ദേശത്തിന്റെ കഥ 'യുടെ ഒപ്പം വളരെ താല്പര്യത്തോടെ വായിച്ചിരുന്നത് 'നക്ഷത്രങ്ങളേ കാവലാ' ണ്. കല്യാണിക്കുട്ടിയുടെ ജീവിതവുമായി ലയിച്ചുചേർന്നുകൊണ്ടാണ് ഞങ്ങൾ വീട്ടിലെല്ലാവരും നോവൽ വായിച്ചു തീർത്തത്.പ്രഭുവിന് ദുരന്തം സമ്മാനിച്ച പത്മരാജന്റെ ക്രൂരത യോടെനിക്ക് അമർഷം തോന്നി.കല്യാണിക്കുട്ടിയോട് ആ പ്രായത്തിൽ തന്നെ ആരാധന കലർന്ന പ്രണയവും. ആധുനിക എഴുത്തുകാരോട് വലിയ താല്പര്യമില്ലാതെയിരുന്ന എന്നെ ആ നിരയിലെ എഴുത്തുകാരോട് അടുപ്പിച്ചത് 'നക്ഷത്രങ്ങളേ കാവലാ'ണ്.

ഞാൻ പഠിച്ചിരുന്ന മോഡൽ സ്‌കൂളിൽ നിന്ന് മ്യൂസിക് കോളേജിലേക്കുള്ള റോഡിലെ ഒരു കെട്ടിടം അന്ന് പത്മരാജൻ ചേട്ടന്റെ മൂത്ത സഹോദരൻ ഡോ പത്മജന്റെ ഉടമസ്ഥതയിലുള്ള അനുപമാ ടൂറിസ്റ്റ് ഹോമായിരുന്നു.(ഒരു അപൂർവ യാദൃശ്ചികത പോലെ അതിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇന്ന് ഞാൻ താമസിക്കുന്നത്!) അച്ഛൻ അവിടെ ചിലപ്പോഴൊക്കെ എഴുതാനായി താമസിക്കാറുണ്ടായിരുന്നു.ഒരിക്കൽ സ്‌കൂൾ വിട്ടു അച്ഛന്റെ റൂമിൽ ചെല്ലുമ്പോൾ കാണുന്നത് പത്മരാജൻ ചേട്ടനെയാണ്.അന്ന് കുങ്കുമത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന 'വാടകക്ക് ഒരു ഹൃദയം 'എഴുതാനായി കൂടിയിരിക്കുകയാണ്. അപ്പോഴേക്കും താടി വളർത്തിത്തുടങ്ങിയിരുന്നു എന്നാണോർമ്മ.

ഘനഗംഭീരമായ ആ ശബ്ദം റേഡിയോയിൽ കേട്ട് നല്ല പരിചയമുണ്ടായിരുന്നു. ആകാശവാണി കഥകൾ പലതും തികഞ്ഞ നർമ്മ രസത്തോടെ പറയുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. അച്ഛൻ അതിൽ ചിലതൊക്കെ 'നഗരത്തിന്റെ മാറിലും മറവിലും 'എന്ന കോളത്തിൽ എഴുതി.

ഞാൻ സ്ഥിരമായി അവിടെ പോകാൻ തുടങ്ങി. എന്റെ ഉച്ചഭക്ഷണം അവിടെനിന്നായി. ലോഡ്ജിന്റെ മാനേജർ മഹാദേവൻ തമ്പി(ഇന്നത്തെ പ്രമുഖ എഴുത്തുകാരൻ ) മുതുകുളം കാരനും അന്നു തന്നെ മലയാളനാട്ടിലുമൊക്കെ നല്ല കഥകൾ എഴുതി ശ്രദ്ധേയനായിരുന്നു. എം ജി രാധാകൃഷ്ണൻ ചേട്ടനും പിൽക്കാലത്തു പ്രമുഖ നടനായി തീർന്ന ജനാർദ്ദനനുമെല്ലാമടങ്ങുന്ന സദസ്സിൽ പതിനൊന്നു വയസ്സുള്ള ഞാൻ ഒരു മൂകാംഗമായി. തീരെ മെലി ഞ്ഞു അസ്ഥിപഞ്ജരം പോലെയിരുന്ന എനിക്ക് കഴിക്കാൻ അവരെല്ലാം ചേർന്ന് വാട്ടർബറിസ് കോമ്പൗണ്ട് വാങ്ങിത്തന്നത് രസകരമായ ഓർമ്മ.

'വാടകക്ക് ഒരു ഹൃദയ'ത്തിനു പിന്നാലെ 1972ലെ കുങ്കുമം വിശേഷാൽപ്രതിയിൽ 'ഇതാ ഇവിടെ വരെ 'യും 1975ലെ കേരളശബ്ദം ഓണപ്പതിപ്പിൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിലും' ആ നാളുകളിൽ തന്നെ മലയാള നാടിൽ 'ഉ ദകപ്പോള'യും പ്രസിദ്ധീകരിച്ചു. ആവേശത്തോടെയാണ് ഓരോന്നും വായിച്ചു തീർത്തത്.

1975ൽ പത്മരാജൻ എഴുതിയ തിരക്കഥയും ഭരതൻ സംവിധായകനുമായി 'പ്രയാണം 'പുറത്തു വന്നപ്പോൾ അതുവരെ കണ്ടുശീലിച്ചതിൽ നിന്ന് എത്രയോ വ്യത്യസ്തമായ കാഴ്ചാനുഭവമായി. എന്നാൽ പിന്നീട് വന്ന രതിനിർവ്വേദവും ഇതാ ഇവിടെ വരെയും സത്രത്തിൽ ഒരു രാത്രിയും വാടകക്ക് ഒരു ഹൃദയവും പത്മരാജനെ ലൈംഗികതയുടെ പ്രണേതാവായിട്ടാണ് അവതരിപ്പിച്ചത്. തിരക്കഥയുടെ കരുത്തും വേറിട്ട ശൈലിയും വിളിച്ചറിയിക്കുന്ന ചിത്രങ്ങളായിരുന്നു അവ. പക്ഷെ പോസ്റ്ററുകളിൽ A എന്ന് വളരെ വലുപ്പത്തിൽ ജയഭാരതിയുടെയും മറ്റും തുണിയുരിയുന്ന പട ങ്ങൾക്കൊപ്പം നിറഞ്ഞുനിന്നു.

1978ൽ അച്ഛൻ' ചതുരംഗം ' വാരിക തുടങ്ങിയപ്പോൾ അതിന്റെ ആദ്യ ലക്കത്തിന്റെ ഹൈ ലൈറ്റ് 'തകര 'എന്ന ലഘു നോവൽ ആയിരുന്നു. രാധചേച്ചി കഴിഞ്ഞാൽ ഒരുപക്ഷെ അത് ആദ്യമായി വായിച്ചത് ഞാനായിരിക്കും. കയ്യെഴുത്തു പ്രതി കിട്ടിയപാടെ ഞാനത് ആവേശത്തോടെ വായിച്ചുതീർത്തു. അടുത്ത വർഷം' തകര ' ചലച്ചിത്രമായി. 1976ൽ കാവാലത്തിന്റെ 'അവനവൻ കടമ്പ 'അവതരിപ്പിച്ചു കണ്ടപ്പോൾ അതിലെ പാട്ടുപരിഷയാണ് ആദ്യം മനസ്സിൽ കയറിക്കൂടിയത്. വേണുച്ചേട്ടനെ പിന്നീട് തമ്പിലും ആരവത്തിലും കണ്ടെങ്കിലും തകരയിലെ ചെല്ലപ്പനാശാരി യിലൂടെയാണ് പ്രിയങ്കരനാകുന്നത്. അതുപോലെ ആകാശവാണിയിൽ ചെല്ലുമ്പോഴൊക്കെ കണ്ടിരുന്ന കെ ജി മേനോൻ. (കണ്ടാൽ ചിന്മയാനന്ദസ്വാമിയെപ്പോലെയിരിക്കുന്ന കെ ജി മേനോനെ എം ടി -സേതുമാധവൻ ടീമിന്റെ കന്യാകുമാരിയിൽ കണ്ടതാണ്. ഇതാ ഇപ്പോൾ ഹിംസയുടെ പ്രതിരൂപമായ മൂപ്പനായി തകരയിൽ.)

... എനിക്കേറ്റവും പ്രിയപ്പെട്ട പത്മരാജൻ ചിത്രം 'പെരുവഴിയമ്പല'മാണ്. രാമനും പ്രഭാകരൻ പിള്ളയും ദേവയാനിയും പരമു നായരും തുടങ്ങി ഓരോ കഥാപാത്രങ്ങളും. കഥാപാത്രസൃഷിയിലും സംഭാഷണരചനയിലും പെരുവഴിയമ്പലത്തെ മറികടക്കാനായിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു. പിന്നീട് വന്ന ഓരോ ചിത്രവും --ഫയൽവാനും, കള്ളൻ പവിത്രനും, നവംബറിന്റെ നഷ്ടവും --പത്മരാജനെ ഞങ്ങളുടെ തലമുറയുടെ മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ചലച്ചിത്രകാരനാക്കി.

1984ൽ ഞാൻ ദൂരദർശനിൽ ജോലിചെയ്തു തുടങ്ങിയപ്പോൾ ആദ്യം ചെയ്ത പരിപാടികളിലൊന്ന്
കൗമുദി ബാലകൃഷ്ണൻ എന്ന പത്രപ്രവർത്തന രംഗത്തെ ലെജൻഡിനെ കുറിച്ചുള്ളതായിരുന്നു തകഴി യും ഓ എൻ വി യുമൊക്കെ പങ്കെടുത്ത ആ ഫീച്ചറിന് വേണ്ടിയാണ് പത്മരാജൻ ചേട്ടൻ ആദ്യം ടെലിവിഷൻ ക്യാമറയുടെ മുന്നിലെത്തുന്നത്. പൂജപ്പുരയിലെ വീടിന്റെ ബാൽക്കണിയിൽ വെച്ച് സവിശേഷമായ ആ ശബ്ദത്തിലും മോഡുലേഷനിലും, 'ലോല 'യിലൂടെ തന്നെയാദ്യമായി വായനക്കാരുടെ മുൻപാകെ അവതരിപ്പിച്ച പത്രാധിപരെ ഓർമ്മിച്ചു. പിന്നീട് പലതവണ എനിക്കുവേണ്ടി അദ്ദേഹം ക്യാമറക്കു മുന്നിൽ വന്നു മലയാള സിനിമ, സാഹിത്യം, പുരസ്‌കാരങ്ങൾ...
ഇങ്ങനെ പലതും വിഷയങ്ങളായ പരിപാടികൾ. അതിലൊക്കെ പങ്കെടുത്ത മറ്റു പ്രഗല്ഭ വ്യക്തിത്വങ്ങളിൽ നിന്ന് അദ്ദേഹം വേറിട്ടുനിന്നത് പറയുന്ന കാര്യങ്ങളിലെ വ്യത്യസ്ഥത കൊണ്ടും പറച്ചിലിലെ ആ പത്മരാജൻ ശൈലി കൊണ്ടുമായിരുന്നു.

1991 ജനുവരി മാസത്തിലെ ആ ദിവസം എന്റെ കരിയറിലെയും ഒരു പ്രധാന ദിവസമായി. ഞങ്ങളുടെ ഡയറക്ടർ കുഞ്ഞികൃഷ്ണൻസാറിന്റെ നിർദ്ദേശമനുസരിച്ച് അന്ന് വൈകുന്നേരം തന്നെ ഒരു പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യാൻ തീരുമാനമെടുത്തു. മരണ വാർത്തയേല്പിച്ച ആഘാതത്തിൽ നിന്ന് മോചിതനാകാൻ ശ്രമിച്ചുകൊണ്ട് ഞാൻ എന്റെ ഉത്തരവാദിത്തത്തിലേക്ക് കടന്നു.ദൂരദർശന് വേണ്ടി ഒരുപാട് obituary കൾ ചെയ്തിട്ടുള്ള ഞാൻ ഏറ്റവും നൊമ്പരത്തോടെയാണ് അന്നാ അന്ത്യോദകം ചെയ്തത്. സമയക്കുറവ് കാരണം എഡിറ്റിംഗ് പൂർണമാകുന്നതിനു മുൻപുതന്നെ പരിപാടിയുടെ സംപ്രേഷണം തുടങ്ങേണ്ടി വന്നു. വിവരണ പാഠമായി ലീൻ ബി ജിസ്മസ് എഴുതിയ ഹൃദയസ്പർശിയായ വാക്കുകൾ തത്സമയം വായിച്ചത് മറ്റൊരു മുതുകുളം കാരൻ, അകാലത്തിൽ മരിച്ചു പോയ കൃഷ്ണകുമാരൻ തമ്പി. ഏറ്റവുമൊടുവിൽ കാതിൽ നിന്നും മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഗന്ധർവ്വശബ്ദത്തിൽ ആ വരികൾ.

'പകലുകൾ നിന്നിൽ നിന്ന് ശബ്ദം ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രിയും... നിനക്കിനിയാകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റും വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചു വരാത്ത യാത്ര... '

അവസാനിച്ചപ്പോൾ ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

രാധചേച്ചിയെയും പപ്പനെയും മാതുവിനെയും നേരത്തെ തന്നെ അടുത്തറിയാമെങ്കിലും കഴിഞ്ഞ കുറേ വർ ഷങ്ങൾക്കുള്ളിലാണ് കൂടുതൽ അടുക്കുന്നതും ആ കുടുംബത്തിലെ ഒരംഗ ത്തെപ്പോലെയാകുന്നതും. ഞാൻ പത്മരാജൻ ട്രസ്റ്റിന്റെ ഭാഗമായതോടെ ആ വലിയ പാരമ്പര്യത്തിന്റെ ഒരു ചെറിയ അംശം എന്നിലുമുൾച്ചേർന്നതു പോലെ.

മറ്റെല്ലാ മനുഷ്യരെയും പോലെ കലാകാരന്മാരും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ ആസ്വാദക മനസ്സുകളിൽ അവരെക്കാലവും ജീവിക്കുന്നു എന്നു പറയാറുണ്ട്. പത്മരാജന്റെ കാര്യത്തിൽ അത് അർത്ഥപൂർണ്ണമാകുന്നു. അകലെ നിന്നും ചിലപ്പോഴൊക്കെ അടുത്തു നിന്നും ആരാധനയോടെ നോക്കിക്കണ്ട ഒരു കൊച്ചനുജന്റെ നിറവും നനവുമുള്ള കുറച്ചു ഓർമ്മത്തുണ്ടുകൾ മാത്രമാണിത്.